India - 2025
കെസിബിസി വിവിധ കമ്മീഷന്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍ 31-01-2019 - Thursday
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) വിവിധ കമ്മീഷന്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കലാണു പുതിയ മീഡിയ കമ്മീഷന്‍ സെക്രട്ടറി. ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര യൂത്ത് കമ്മീഷന്റെയും ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറന്പില്‍ ലേബര്‍ കമ്മീഷന്റെയും ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് വനിതാ കമ്മീഷന്റെയും സെക്രട്ടറിമാരായി ചുമതലയേറ്റു. റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കല്‍ തിരുവല്ല അതിരൂപതയിലെ ചുങ്കപ്പാറ സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗമാണ്. സിനിമ ടെലിവിഷനില്‍ എംഎ ബിരുദാനന്തരബിരുദവും റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര തിരുവല്ല തോലശേരി സെന്റ് ജോസഫ്‌സ് ഇടവകാംഗമാണ്. പുനലൂര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഇദ്ദേഹം എംഎ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും എംജി യൂണിവേഴ്‌സിറ്റിയില്‍നിന്നു കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. കൊച്ചി രൂപതാംഗമാണു ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറന്പില്‍. കൊച്ചി സോഷ്യല്‍ സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍, കെഎല്‍എം രൂപത ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
കൊല്ലം രൂപതാംഗമായ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് കൗണ്‍സില്‍ ഓഫ് കാത്തലിക് വിമന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ്, കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കൊല്ലം ജില്ല വിമന്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിലും സേവനം ചെയ്യുന്നു.