Faith And Reason - 2025
ആയിരത്തിലധികം ഗര്‍ഭഛിദ്രം ചെയ്ത അമേരിക്കന്‍ ഡോക്ടര്‍ ഇന്ന് പ്രോലൈഫ് വക്താവ്
സ്വന്തം ലേഖകന്‍ 08-04-2019 - Monday
വാഷിംഗ്ടണ്‍ ഡിസി: ആയിരത്തിഇരുന്നൂറോളം ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ അമേരിക്കന്‍ ഡോക്ടര്‍ പ്രോലൈഫ് വക്താവായ ജീവിതസാക്ഷ്യം അനേകര്‍ക്ക് പ്രചോദനമാകുന്നു. ഡോ. ആന്തണി ലെവാറ്റിനോ എന്ന ഡോക്ടറുടെ പരിവര്‍ത്തന കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ദി ബില്ലി ആന്‍ഡ് ജസ്റ്റിന്‍ ഷോ’ക്ക് വേണ്ടി പ്യുവര്‍ ഫ്ലിക്സിന്റെ ബില്ലി ഹാല്ലോവെല്‍ നടത്തിയ അഭിമുഖത്തിലാണ് ഡോ. ലെവാറ്റിനോ തന്റെ മാനസാന്തരത്തിന് പിന്നിലെ ജീവിതസാക്ഷ്യം വിവരിച്ചത്. താന്‍ എങ്ങനെയാണ് അബോര്‍ഷന്‍ വ്യവസായത്തില്‍ എത്തപ്പെട്ടതെന്ന്‍ ഡോ. ലെവാറ്റിനോ വിവരിച്ചു.
1976-80 കാലയളവിലാണ് താന്‍ പ്രസവമെടുക്കുന്നതിനും ഒന്നു മുതല്‍ ആറു മാസംവരെ പ്രായമുള്ള ഭ്രൂണങ്ങള്‍ അബോര്‍ഷനിലൂടെ ഇല്ലാതാക്കുന്നതിനുമുള്ള പരിശീലനം നേടിയതെന്നും, അക്കാലയളവില്‍ അബോര്‍ഷന്‍ എന്നത് സ്ത്രീയും ഡോക്ടറും തമ്മിലുള്ള കാര്യമാണെന്നും സ്ത്രീയുടെ ഭര്‍ത്താവുള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന അഭിപ്രായക്കാരനായിരുന്നു താനെന്നും ഡോ. ലെവാറ്റിനോ വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം കുട്ടികളുണ്ടാകാത്തതിനാല്‍ ദത്തെടുക്കലിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോഴാണ് ഗര്‍ഭഛിദ്രത്തെക്കുറിച്ച് ഡോ. ലെവാറ്റിനോയുടെ ഉള്ളില്‍ സംശയങ്ങള്‍ ജനിച്ചത്.
ഒരുവശത്ത് താന്‍ ഒരു കുട്ടിയെ ദത്തെടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് താന്‍ കുട്ടികളെ മാതാവിന്റെ ഉദരത്തില്‍ നിന്നും ചുരണ്ടി സക്ഷന്‍ മഷീനിലൂടെ വലിച്ചെടുത്ത് കളയുന്നു. തന്റെ ദത്തുപുത്രിയായ ഹീതറിന്റെ മരണത്തിനു ശേഷം അല്‍ബാനി മെഡിക്കല്‍ സെന്ററില്‍ നടന്ന അബോര്‍ഷനിടെ ടേബിളില്‍ ചിതറിക്കിടക്കുന്ന കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍, ഇതൊക്കെ ആരുടെയൊക്കേയോ മകളോ, മകനോ ആയിരിക്കാമെന്ന തോന്നല്‍ ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.
800 ഡോളറിനുവേണ്ടി ചെയ്യുന്നത് കൊലപാതകമാണെന്ന ചിന്ത ശക്തമായതിനെ തുടര്‍ന്ന്‍ 1985-ലാണ് അദ്ദേഹം ഗര്‍ഭഛിദ്രം ചെയ്യുന്നത് പൂര്‍ണ്ണമായും അവസാനിപ്പിച്ചത്. ദൈവത്തോട് ക്ഷമ ചോദിക്കുന്നതല്ല, സ്വന്തം മനസാക്ഷിയോട് ക്ഷമ ചോദിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നും പറഞ്ഞുകൊണ്ടാണ് ഡോ. ലെവാറ്റിനോ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഇന്ന്‍ ഗര്‍ഭഛിദ്രത്തിനെതിരെ സ്വരമുയര്‍ത്തുന്ന ജീവന്റെ വക്താവാണ് ഡോ. ലെവാറ്റിനോ. ഹോളിവുഡില്‍ വന്‍ വിജയമായ "അണ്‍പ്ലാന്‍ഡ്" എന്ന പ്രോലൈഫ് സിനിമയില്‍ അബോര്‍ഷനിസ്റ്റിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണെന്നതും ശ്രദ്ധേയമാണ്.