News - 2025

ഡൗൺ സിന്‍ഡ്രോം ബാധിച്ചവരുടെ ഏക സന്യാസ സമൂഹത്തിന്റെ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം

പ്രവാചകശബ്ദം 14-11-2022 - Monday

വാഷിംഗ്ടണ്‍ ഡി‌.സി: ഡൗൺ സിന്‍ഡ്രോം ബാധിച്ചവർ അംഗങ്ങളായ ലോകത്തെ ഏക സന്യാസ സമൂഹമായ 'ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്'-ല്‍ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം. ദക്ഷിണ ഫ്രാൻസിലെ ഇന്ദ്രേ പ്രവിശ്യയിലാണ് ഇത്തരത്തിലുള്ള ഏക സന്യാസ സമൂഹം സ്ഥിതി ചെയ്യുന്നത്. ഡൗൺ സിന്‍ഡ്രോം ബാധിതരായവർക്ക് വേണ്ടിയുള്ള ലോകത്തിലെ ഏക സന്യാസ സമൂഹം 'ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്' ആണന്ന് അവരുടെ അധ്യക്ഷ പദവി വഹിക്കുന്ന മദർ ലൈൻ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 1985ൽ ഡൗൺ സിൻഡ്രം ബാധിച്ച വേറൊനിക്ക എന്ന യുവതിയെ മദർ ലൈൻ കണ്ടുമുട്ടാൻ ഇടയായതാണ് സന്യാസ സമൂഹത്തിന്റെ ആരംഭത്തിലേക്ക് നയിച്ചത്.

സന്യാസ ജീവിതം വേറോനിക്ക ആഗ്രഹിച്ചിരുന്നെങ്കിലും ആരും അവരെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഡൗൺസിൻഡ്രം ബാധിച്ചവരുടെ ആത്മീയതയെ പറ്റി മറ്റുള്ളവർക്ക് വലിയ ധാരണ ഇല്ലായിരുന്നുവെങ്കിലും, ഏതാനും വർഷം മനഃശാസ്ത്രം പഠിക്കുകയും, വേദപാഠം പഠിപ്പിക്കുകയും ചെയ്ത മദർ ലൈൻ, അവരുടെ ആത്മീയത ആഴത്തിൽ മനസ്സിലാക്കിയിരുന്നു. ഇരുവരും ഇതിനു ശേഷം ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. ഇതിനിടെ ഡൗൺസിൻഡ്രം ബാധിച്ച കൂടുതൽ പേർ സന്യാസ സമൂഹത്തിൽ ചേർന്നു. 1999ൽ ബൂർജസ് ആർച്ച് ബിഷപ്പ് ആയിരുന്ന പിയറി പ്ലാറ്റു ഇവരുടെ സമൂഹത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 1995ലാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു അവർ മാറി താമസിക്കുന്നത്. 9 സന്യാസിനികളാണ് സമൂഹത്തിൽ ഉള്ളത്.

ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുക എന്ന വിശുദ്ധ മദർ തെരേസയുടെ ആഹ്വാനം ആപ്തവാക്യമായി സ്വീകരിച്ചു കൊണ്ടാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്ന് മദർ ലൈൻ പറഞ്ഞു. പ്രാർത്ഥനയ്ക്കും, ആരാധനയ്ക്കും വേണ്ടിയാണ് സന്യാസ സമൂഹത്തിലെ അംഗങ്ങൾ ഓരോ ദിവസവും കൂടുതൽ സമയം ചെലവഴിക്കുന്നത്. പ്രാർത്ഥനയ്ക്കും, ജോലിക്കും പ്രാധാന്യം നൽകുന്ന വിശുദ്ധ ബെനഡിക്ടിന്റെ ആത്മീയതയും ഇവർക്ക് പ്രചോദനമാണ്. പച്ചക്കറി, പൂക്കൾ തുടങ്ങിയവയുടെ പരിപാലനവും, ബാഗുകൾ നിർമ്മിച്ചും അവർ ഒഴിവുസമയം ചെലവഴിക്കുന്നു. പ്രമുഖ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ 'കാത്തലിക് ന്യൂസ് ഏജന്‍സി'യുടെ റിപ്പോര്‍ട്ട് കണ്ട് അമേരിക്കയിൽ നിന്നുള്ളവര്‍ തങ്ങളുടെ സമൂഹത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »