News - 2026

ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

പ്രവാചകശബ്ദം 03-03-2025 - Monday

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിക്കുന്നു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (മാര്‍ച്ച് 5) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.

ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 20നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.

2025 നോമ്പിലെ പ്രധാന ദിനങ്ങള്‍: ‍

വിഭൂതി (സീറോ മലബാര്‍ | മലങ്കര -പൗരസ്ത്യ സഭകള്‍) - മാര്‍ച്ച് 3

വിഭൂതി (ലത്തീന്‍) - മാര്‍ച്ച് 5

ഓശാന ഞായര്‍ - ഏപ്രില്‍ 13

പെസഹ വ്യാഴം - ഏപ്രില്‍ 17

ദുഃഖവെള്ളി - ഏപ്രില്‍ 18

ദുഃഖ ശനി- ഏപ്രില്‍ 19

ഈസ്റ്റര്‍- ഏപ്രില്‍ 20 .

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »