News
കത്തോലിക്ക സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും ആത്മീയതയും തന്നെ വിശ്വാസിയാക്കി: യു.എസ് വൈസ് പ്രസിഡന്റ് വാൻസ്
പ്രവാചകശബ്ദം 10-06-2026 - Wednesday
വാഷിംഗ്ടൺ ഡി.സി: കത്തോലിക്ക സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും അതിലൂടെ ലഭിച്ച ആത്മീയ ആശ്വാസവുമാണ് തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് ആകർഷിച്ചതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ തുറന്നുപറച്ചില്‍. ജൂൺ 8ന് ഫോക്സ് ന്യൂസ് ചാനലായ "ജെസ്സി വാട്ടേഴ്സ് പ്രൈംടൈം" പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ വിശ്വാസയാത്രയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. വളർന്നുവന്ന കാലയളവില്‍ വിവിധ ക്രൈസ്തവ പള്ളികളിൽ പോയിരുന്നുവെന്നും അന്നു വിശ്വാസത്തിൽ ശരിയായ രീതിയിൽ രൂപപ്പെടുവാന്‍ സാധിച്ചില്ലായെന്നും ഇതേ തുടര്‍ന്നു ക്രിസ്തീയ വിശ്വാസത്തില്‍ നിന്ന് അകന്നു പോയ സാഹചര്യമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ വിശ്വാസയാത്രയിൽ ആവശ്യമായ പിന്തുണ ലഭിക്കാതിരുന്നതാണ് അതിന് കാരണമായതെന്നും വാന്‍സ് കൂട്ടിച്ചേർത്തു. പിന്നീട് അഭിഭാഷകനായി പ്രവർത്തിച്ച കാലത്ത് സാമ്പത്തികമായും തൊഴിൽപരമായും വലിയ വിജയം കൈവരിച്ചെങ്കിലും അത് ജീവിതത്തിൽ യഥാർത്ഥ സംതൃപ്തി നൽകുന്നില്ലെന്ന് തിരിച്ചറിഞ്ഞു. "ഞാൻ നല്ല വരുമാനവും മികച്ച വിദ്യാഭ്യാസവും നേടിയിരുന്നു. എന്നാൽ അമേരിക്കയിലെ ഉന്നത സാംസ്കാരിക അന്തരീക്ഷം എന്നെ ഒരു നല്ല മനുഷ്യനാക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി". ഭാര്യ ഉഷ ആദ്യ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് ജീവിതത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങിയതെന്ന് വാൻസ് വെളിപ്പെടുത്തി.
നല്ല ഭർത്താവും നല്ല പിതാവും സദ്ഗുണങ്ങളുമുള്ള വ്യക്തിയുമാകാൻ എന്താണ് വേണ്ടതെന്ന ചോദ്യങ്ങൾ തന്നെ വീണ്ടും വിശ്വാസത്തിലേക്ക് നയിച്ചതായി അദ്ദേഹം പറഞ്ഞു. ഈ ആത്മീയ അന്വേഷണത്തിന്റെ ഫലമായാണ് പൂര്‍ണ്ണ സംതൃപ്തിയോടെ 2019-ൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ കാരണമായത് ബൗദ്ധിക ചിന്തകളേക്കാൾ വ്യക്തിപരമായ അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഒരു കത്തോലിക്കാ ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ എനിക്ക് സ്വഭവനത്തിലെത്തിയ അനുഭവമാണ് ലഭിച്ചത്. ഏറെ ആത്മപരിശോധനകൾക്കൊടുവിൽ ഇതാണ് എന്റെ യഥാർത്ഥ ആത്മീയ ഭവനമെന്ന് ഞാൻ തിരിച്ചറിഞ്ഞത്" - ജെ.ഡി. വാൻസ് പറയുന്നു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് എന്ന തോന്നൽ ഉണ്ടായിരുന്നു. കത്തോലിക്ക സഭയിൽ എന്നെ ആകർഷിച്ചത് അതിന്റെ പുരാതന പാരമ്പര്യങ്ങളാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുള്ള വിശ്വാസ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ സഭയാണ് കത്തോലിക്ക സഭയെന്നും വാൻസ് തുറന്നു പറഞ്ഞു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ജെഡി വാന്‍സ് തന്റെ വിശ്വാസം പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നേതാവ് കൂടിയാണ്. നിരവധി വേദികളില്‍ തന്റെ ക്രിസ്തു വിശ്വാസം അദ്ദേഹം പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യേശുവിനെ അടക്കം ചെയ്ത ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിലെത്തി അദ്ദേഹം പ്രാര്‍ത്ഥിച്ചിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















