News
ഭ്രൂണഹത്യയ്ക്കെതിരെ ലണ്ടനിൽ ആയിരങ്ങളുടെ റാലി
പ്രവാചകശബ്ദം 09-09-2026 - Wednesday
ലണ്ടൻ: ഭ്രൂണഹത്യയ്ക്കെതിരെ നിയമങ്ങൾ കർശനമാക്കണമെന്നും ജീവന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ പ്രതിഷേധ റാലി. പ്രോലൈഫ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിവർഷം നടക്കാറുള്ള പ്രോലൈഫ് മാര്‍ച്ചില്‍ കത്തോലിക്ക മെത്രാന്മാരും വൈദികരും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് അണിനിരന്നത്.
ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിലവിലുള്ള ഭ്രൂണഹത്യ നിയമങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും, ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് പുറത്തു പ്രാർത്ഥനയും പ്രതിഷേധവും വിലക്കുന്ന 'ബഫർ സോൺ' നിയമങ്ങൾ പിൻവലിക്കണമെന്നും റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് പതിനഞ്ചോളം കത്തോലിക്കാ മെത്രാന്മാർ ഉള്‍പ്പെടെ ആയിരങ്ങള്‍ റാലിയിൽ പങ്കുചേർന്നത്.
ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവനിലും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്ദമുയർത്തേണ്ടത് നമ്മുടെ കടമയാണെന്നും സൗത്ത്‌വാർക്ക് ആർച്ച് ബിഷപ്പ് ജോൺ വിൽസൺ മാധ്യമങ്ങളോട് പറഞ്ഞു. ഭ്രൂണഹത്യ കുടുംബങ്ങളെ തകർക്കുന്നു, ജീവന്‍ സംരക്ഷിക്കുക തുടങ്ങിയ പ്ലക്കാർഡുകളുമേന്തിയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. വെസ്റ്റ്മിൻസ്റ്ററിലെ ഇമ്മാനുവൽ സെന്ററിൽ നിന്ന് ആരംഭിച്ച പ്രോലൈഫ് റാലി പാർലമെന്റ് സ്ക്വയറിൽ സമാപിച്ചു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















