India

ദൈവശാസ്ത്ര അധ്യാപകന്‍ റവ. ഡോ. തോമസ് ഉറുമ്പയ്ക്കൽ നിര്യാതനായി

സ്വന്തം ലേഖകന്‍ 05-12-2016 - Monday

ചങ്ങനാശേരി: ആലുവ മംഗലപ്പുഴ സെമിനാരിയിൽ ദീർഘകാലം ദൈവശാസ്ത്ര അധ്യാപകനായി സേവനം ചെയ്ത റവ. ഡോ. തോമസ് പോൾ ഉറുമ്പയ്ക്കൽ (80) നിര്യാതനായി. തക്കല മൈനർ സെമിനാരിയിൽ ആധ്യാത്മിക നിയന്താവായി ശുശ്രൂഷ ചെയ്തു വരുന്നതിനിടെയാണ് മരണം.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ചങ്ങനാശേരി പാറേൽ പള്ളിയിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ കുടുംബവസതിയിലും പൊതുദർശനത്തിനു വയ്ക്കും. 11ന് അഞ്ചിലിപ്പ സെന്റ് പയസ് ടെൻത് പള്ളിയിൽ മൃതശരീരം സംസ്കരിക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും.

ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി, ഫാത്തിമാപുരം പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും കുമരകം നവ നസ്രത്ത്, പാറേൽ പള്ളി, തോട്ടയ്ക്കാട്, പങ്ങട എന്നീ പള്ളികളിൽ വികാരിയായും എടത്വാ ഫൊറോനാ പള്ളിയിൽ അസോസിയേറ്റ് വികാരിയായും തുരുത്തി കാനായിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഉന്നതപഠനത്തിനുശേഷം ആലുവ മംഗലപ്പുഴ സെമിനാരിയിൽ 30 വർഷത്തോളം സേവനം ചെയ്തിരിന്നു.

More Archives >>

Page 1 of 32