India - 2025
ടോം അച്ചന്റെ മോചനം സഭയുടെ ലക്ഷ്യം: മാർ മഠത്തിക്കണ്ടത്തില്‍
സ്വന്തം ലേഖകന്‍ 29-01-2017 - Sunday
തൊടുപുഴ: യമനിൽ ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സഭ ഒന്നായി നില കൊള്ളുമെന്നും അച്ചന്റെ മോചനമാണു സഭയുടെ ലക്ഷ്യമെന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ജപമാലറാലിയുടെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാർത്ഥനാനിർഭരമായ പിന്തുണ നൽകണം പ്രാർഥനയ്ക്കു ദൈവം ഉത്തരം നല്കാതെയിരിക്കുകയില്ല. കേരളസഭ മുഴുവൻ ഒരു ലക്ഷ്യത്തോടെ പ്രാർഥിക്കുമ്പോൾ ദൈവത്തിൽ നിന്നും മറുപടി ലഭിക്കും. വിശ്വാസത്തോടുള്ള പ്രാർഥന ദൈവം ഒരിക്കലും നിരസിക്കുകയില്ല. ദൈവത്തിനൊന്നും അസാധ്യമായിട്ടില്ല.അദ്ദേഹം പറഞ്ഞു.
വൈദികരും സന്യസ്തരും വിവിധ ഭക്തസംഘടന പ്രവർത്തകരും ഉൾപ്പെടെ പ്രാർഥനറാലിയിൽ സജീവമായി പങ്കുചേർന്നു. റാലിക്ക് തൊടുപുഴ ടൗണ്‍ പള്ളി വികാരി ഫാ. ജോസ് പുല്ലോപ്പിള്ളി, ഡിവൈൻ മേഴ്സി ഷ്റൈൻ റെക്ടർ ഫാ. ജോസ് പൊതൂർ, കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളായ ബിജു പറയനിലം, ഐപ്പച്ചൻ തടിക്കാട്ട്, ജോസ് ഇലഞ്ഞിക്കൽ, ജോണ്‍ മുണ്ടങ്കാവിൽ, വി.യു. ചാക്കോ, ജോസ് പുതിയിടം, ജിമ്മി ചെന്പരത്തി, സജി മൈലാടി, സോജൻ അരീക്കാട്ട്, ജിബോയിച്ചൻ വടക്കൻ, ജോയി കണ്ടത്തിങ്കര, റോജോ ജോസഫ്, ജോർജ് അരകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.