Events - 2025
സ്വര്‍ഗ്ഗീയ കനലുമായി ഗ്രേറ്റ് ബ്രിട്ടനില്‍ മറ്റൊരു കാനാ ഒരുങ്ങുന്നു
മറിയാമ്മ ജോഷി 21-06-2017 - Wednesday
ദൈവം ബ്രിട്ടനു കനിഞ്ഞു നല്‍കിയ സ്വര്‍ഗ്ഗീയ കനല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം, ദൈവാത്മാവിന്‍റെ ചിറകുകളില്‍ സഞ്ചരിച്ച് യൂറോപ്പിനകത്തും പുറത്തുമായി അനേകായിരങ്ങളെ നന്മ നിറഞ്ഞ ദൈവത്തിന്‍റെ വഴിയിലെത്തിക്കുവാന്‍ വിശ്രമ രഹിതനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്‍റെ ദൈവിക ശബ്ദമായി ദൈവം ഉയര്‍ത്തിയ സെഹിയോന്‍ യൂറോപ്പ് ഡയറക്റ്ററും, യൂറോപ്പ് ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ബഹുമാനപ്പെട്ട ഫാ. സോജി ഓലിക്കല്‍, കേരളത്തിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ശ്രദ്ധേയമായ വചനപ്രഘോഷണം വഴി അനേകരെ ആത്മീയ കാനായിലേക്കു നയിക്കുവാന്‍ ദൈവം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രസിദ്ധ വചന പ്രഘോഷകനും കെയ്റോസ് മിഷന്‍ U.K & U.S.A. ഡയറക്റ്ററുമായ ബ്രദര്‍ റെജി കൊട്ടാരം, കേരള ക്രിസ്തീയ ഭക്തിഗാന ചരിത്രത്തിന്‍റെ ഗതി മാറ്റിക്കാണിച്ചു കൊണ്ട് അനേകരുടെ ഹൃദയ താളങ്ങളില്‍ ഇടംനേടിയ അനുഗ്രഹീത ഗായകനും, പ്രശസ്ത സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ അള്‍ത്താരകളില്‍ ഒന്നിക്കുന്നു.
ഒക്ടോബര്‍ 22 മുതല്‍ 29-ആം തീയതി വരെ U.K.യുടെ നാനാഭാഗങ്ങളിലായി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ഛന്‍റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍റെ മുന്നോടിയായി നടക്കുന്ന ഒരുക്കധ്യാനമായ Regional Conventions ഇതിനോടകം Manchester, Glassgow, Preston, Coventry എന്നിവിടങ്ങളില്‍ ഭക്തിസാന്ദ്രമായി ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങി.
ധ്യാനമധ്യേ നല്‍കപ്പെട്ട ദൈവികസന്ദേശങ്ങള്‍ ദൈവ ജനത്തെ ആത്മീയ ആഴങ്ങളിലേക്കു നയിക്കുന്നവ ആയിരിക്കട്ടെ. ആത്മാവും ശരീരവും തമ്മിലുള്ള നിത്യസംഘര്‍ഷത്തില്‍ നമുക്കു തെറ്റു പറ്റാതിരിക്കുവാന്‍, മികവുറ്റ ഒരു വിശ്വാസിയാകുവാന്‍ നടത്തുന്ന ആത്മീയ യുദ്ധങ്ങളില്‍ നമ്മെ സഹായിക്കുവാന്‍ ദൈവം ഒരുക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴായിപ്പോകാതിരിക്കട്ടെ. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലും, വട്ടായിലച്ചനും, സോജിയച്ചനും ടീം മുഴുവനും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ഏവരെയും ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന വേളകളില്‍ കണ്‍വെന്‍ഷനെക്കൂടി ഓര്‍ക്കുവാന്‍ അപേക്ഷിക്കുന്നു.
മറിയാമ്മ ജോഷി
എഡിറ്റര്‍
സെഹിയോന്‍ മിനിസ്ട്രി