India - 2025
മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രധാന പദയാത്ര ഇന്ന്
സ്വന്തം ലേഖകന്‍ 10-07-2017 - Monday
തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന പദയാത്ര ഇന്ന് നടക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്ര ഉദ്ഘാടനം ചെയ്യും. പ്രധാന പദയാത്രയിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആദ്യാവസാനം പങ്കെടുക്കും. വടശേരിക്കര, പത്തനംതിട്ട, അടൂർ, കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി പ്രധാന പദയാത്ര 14ന് വൈകുന്നേരത്തോടെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കൽ എത്തിച്ചേരും.
കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തിലെ 30 ഇടവകകളിൽ നിന്നുള്ള തീർഥാടന പദയാത്രകൾ കബറിങ്കലെത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കബറിങ്കലെത്തിയ പദയാത്രകൾക്ക് ഭക്തിസാന്ദ്രമായ സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ് സന്ദേശം നൽകി. കത്തീഡ്രൽ ദേവാലയത്തിൽ ആരംഭിച്ച ലത്തീൻ ആരാധനാക്രമത്തിലുള്ള ദിവ്യബലിക്ക് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ മുഖ്യകാർമികനായിരുന്നു.