India

കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു പ്രത്യുത്തരം നല്‍കാന്‍ സഭാ ശുശ്രൂഷകര്‍ക്കു കഴിയണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 28-08-2017 - Monday

കോട്ടയം: സമൂഹം വളരെയേറെ സഭയില്‍നിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടു കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രത്യുത്തരം നല്‍കാന്‍ സഭാ ശുശ്രൂഷകര്‍ക്കു കഴിയണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍ ആരംഭിച്ച ഈസ്‌റ്റേണ്‍ കാനന്‍ നിയമ ഇന്‍സ്റ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭാ ജീവിതത്തിലുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഭാനിയമത്തിന്റെ പുനര്‍വായന അനിവാര്യമാണ്. ബോധപൂര്‍വമായ സുവിശേഷ സാക്ഷ്യമാണു നാം സമൂഹത്തിനു നല്‍കേണ്ടത്.സഭയുടെ നിയമങ്ങള്‍ ശരിയായി മനസിലാക്കി ആ നിയമങ്ങള്‍ക്കനുസൃതം സഭാമക്കളുടെ ജീവിതത്തെ ക്രമപ്പെടുത്താന്‍ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിയണമെന്നും കര്‍ദിനാള്‍ ഉദ്‌ബോധിപ്പിച്ചു.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിച്ചു. പൗരസ്ത്യ സഭകളുടെ നിലനില്‍പ്പും വളര്‍ച്ചയും സഭയുടെ യഥാര്‍ഥ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. പൗരസ്ത്യ സഭകളുടെ ശൈലിയില്‍ ക്രൈസ്തവ ജീവിതത്തെ പുനരന്വേഷിക്കാനും പുനര്‍ജീവിപ്പിക്കാനും കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിയണമെന്നും മാര്‍ ക്ലീമിസ് ബാവ പറഞ്ഞു.

സുറിയാനി പാരന്പര്യം കൈമോശം വന്നുപോയിരിക്കുകയാണെന്നും അതു വീണ്ടെടുക്കാനും പ്രോത്സാഹിപ്പിക്കാനും കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിയണമെന്നും പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സലര്‍ കൂടിയായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയട്ടിലെ റവ.ഡോ. സണ്ണി കൊക്കാരവാലയില്‍, ബംഗളൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓറിയന്റല്‍ കാനന്‍ ലോ ഡയറക്ടര്‍ റവ.ഡോ.വര്‍ഗീസ് കൊളുതറ സിഎംഐ, തിരുഹൃദയ സന്യാസിനിസഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസാ, വടവാതൂര്‍ സെമിനാരി റെക്ടര്‍ റവ.ഡോ.ജോയി അയിനിയാടന്‍, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ.ഡോ.ജെയിംസ് തലച്ചെല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എഡ്യുക്കേഷന്‍ പ്രീഫെക്റ്റായ കര്‍ദിനാള്‍ മാര്‍ ജോസഫ് വെര്‍സാല്‍ദിയുടെ സന്ദേശം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സമ്മേളനത്തില്‍ വായിച്ചു.

സീറോ മലബാര്‍ സഭയുടെ സിനഡിലെ 28 ബിഷപ്പുമാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. പൗരസ്ത്യ സഭകളുടെ രണ്ടാമത്തെ കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടാണു വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലാരംഭിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കാനന്‍ നിയമ വിഭാഗവുമായിട്ടാണ് ഇതു സംയോജിപ്പിച്ചിരിക്കുന്നത്. ഇവിടെനിന്നു പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസന്‍ഷിയേറ്റ് നേടാന്‍ ഇനി അവസരമുണ്ട്.

More Archives >>

Page 1 of 93