India - 2025
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സമരപോരാട്ടങ്ങള്‍ തുടരുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
സ്വന്തം ലേഖകന്‍ 29-08-2017 - Tuesday
പാലാ: ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ ഘട്ടംഘട്ടമായ സമരപോരാട്ടങ്ങള്‍ തുടരുമെന്നും രാഷ്ട്രീയ സമരശൈലി ഇനിയും ഒരു കേന്ദ്രവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ എന്തു ചെയ്യണമെന്ന് സമിതിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒന്നിനു പകരം മറ്റൊന്ന് എന്നതല്ല സമിതിയുടെ മദ്യവിരുദ്ധനയമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മദ്യനയം ജനവിരുദ്ധമായാല്‍ സമരം നടത്തുമെന്നു സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബാറുകള്‍ക്ക് മുന്പില്‍ സമരം നടത്തുമെന്നു പറഞ്ഞിട്ടില്ല. ഇതിനിടയില്‍ സുപ്രീംകോടതിയുടെ വിധിയില്‍ വന്ന അവ്യക്തതത നിലനില്‍ക്കുന്നതും 2016 ഡിസംബര്‍ 15 ലെ വിധിയെ അപ്രസക്തമാക്കുന്നതുമായ ചില കാര്യങ്ങള്‍ ചിന്താക്കുഴപ്പത്തിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ തന്നെ സമീപിക്കേണ്ടതുണ്ട്.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍' എന്നപോലെ മദ്യമൊഴുക്കാന്‍ കാത്തുനിന്ന സര്‍ക്കാരിന് ലഭിച്ച അവസരമാണ് വിധിയിലെ അവ്യക്തതകള്‍. പരമോന്നത കോടതിയുടെ വിധിയുടെ അന്തസത്ത മദ്യപാനം മൂലമുണ്ടാകുന്ന പാതകളിലെ പതിനായിരക്കണക്കിനു വരുന്ന അപകടങ്ങളും മരണങ്ങളുമാണെങ്കില്‍ ഇനിയും ഈ മദ്യശാലകള്‍ക്കു പൂട്ടുവീഴും. മദ്യത്തിന്റെ ഇരകളെയും കുടുംബാംഗങ്ങളെയും മദ്യവിരുദ്ധ പ്രവര്‍ത്തകരെയും സമാനചിന്താഗതിക്കാരായ പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ച് കോട്ടയത്ത് സമിതി അടിയന്തരമായി മഹാസമ്മേളനം സംഘടിപ്പിക്കും.
സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തെ തുറന്നുകാട്ടുന്ന കോര്‍ണര്‍ യോഗങ്ങള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് ഉടന്‍ തുടക്കംകുറിക്കും. സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കൊച്ചിയില്‍ പ്രവര്‍ത്തക പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. നവംബറില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ചിരിക്കുന്ന മദ്യലഹരിവിരുദ്ധ സന്ദേശ യാത്രയും നടക്കും.
മദ്യവിരുദ്ധകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ് ഡോ. ആര്‍. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പരിപാടികളാണ് സമിതി ക്രമീകരിച്ചുവരുന്നതെന്നും കേരള കത്തോലിക്കാ സഭയുടെ 32 അതിരൂപതരൂപത സമിതികളെ ശക്തമാക്കുന്ന കണ്‍വന്‍ഷനുകളും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടക്കുമെന്നും സമിതി അറിയിച്ചു.
