India - 2025
സീറോ മലബാര്‍ സഭ 'മൊബൈല്‍ ആപ്പ്' പുറത്തിറക്കി
സ്വന്തം ലേഖകന്‍ 30-08-2017 - Wednesday
കൊച്ചി: സഭാധികാരികള്‍ക്കു വിശ്വാസികളുമായും വിശ്വാസികള്‍ക്കു തിരിച്ചും ആശയവിനിമയം നടത്തുന്നതിനും സഭാ സ്ഥാപനങ്ങളെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാനുമായി സീറോ മലബാര്‍ സഭയുടെ ഐടി വിഭാഗമായ ഇന്റര്‍നെറ്റ് മിഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തത്. സഭയിലെ രൂപതകള്‍ക്കും സന്യസ്ത സമൂഹങ്ങള്‍ക്കും ഇടവകകള്‍ക്കുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇതിലൂടെ ലഭ്യമാകും.
നിലവില്‍ രൂപതകള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കുമുള്ള മൊബൈല്‍ ആപ്ലിക്കേഷനാണു തയാറായിട്ടുള്ളത്. ഇടവകകള്‍ക്കുള്ള ആപ്ലിക്കേഷന്‍ ഉടന്‍ തയാറാക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ SMCIM എന്ന പേരില്‍ സെര്‍ച്ച് ചെയ്തു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. സഭയിലും രൂപതകളിലും നടക്കുന്ന പരിപാടികള്‍ തത്സമയം വിശ്വാസികളിലേക്ക് എത്തിക്കാനും ആപ്ലിക്കേഷന്‍ ഉപകരിക്കുമെന്ന് ഇന്റര്‍നെറ്റ് മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി ജോസഫ് മാപ്രകാവില്‍ എന്നിവര്‍ അറിയിച്ചു.
