India - 2025
സഭൈക്യത്തെ സംബന്ധിച്ചുളള രേഖ 'കോള്‍ഡ് ടു ബി യുണൈറ്റഡ്' പുറത്തിറക്കി
സ്വന്തം ലേഖകന്‍ 01-09-2017 - Friday
കൊച്ചി: സീറോ മലബാര്‍സഭ എക്യുമെനിക്കല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ സഭൈക്യത്തെ സംബന്ധിച്ചുളള രേഖ 'കോള്‍ഡ് ടു ബി യുണൈറ്റഡ്' പുറത്തിറക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന് ആദ്യപ്രതി നല്‍കിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത്.
സീറോമലബാര്‍ സഭയുടെ സഭൈക്യപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും സാധാരണ ജനങ്ങള്‍ക്കിടയിലേക്കു സഭൈക്യ പ്രവര്‍ത്തനങ്ങളുടെ ശരിയായ ലക്ഷ്യങ്ങളെത്തിക്കാനും എക്യുമെനിക്കല്‍ ഡയറക്ടറിയുടെ ഉപയോഗം സാധ്യമാകട്ടെയെന്നു മാര്‍ ആലഞ്ചേരി ആശംസിച്ചു.
എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഡയറക്ടറിയുടെ പ്രാധാന്യത്തെയും ഉദ്ദേശ്യത്തെയുംപറ്റി സംസാരിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ എക്യുമെനിക്കല്‍ ഡയറക്ടറിയുടെ ഉളളടക്കവും ലക്ഷ്യവും അവതരിപ്പിച്ചു.
സഭൈക്യ ദൈവശാസ്ത്രം, സീറോമലബാര്‍ സഭയുടെ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളുടെ ചരിത്രം, കേരളത്തിലെ മാര്‍ത്തോമാ നസ്രാണി പാരമ്പര്യത്തിലുളള വിവിധസഭകളുടെ ലഘുചരിത്രം, സഭൈക്യ പരിശീലനം, വിവിധ അകത്തോലിക്കാ സഭകളുമായുളള ഇടപെടലുകളില്‍ പാലിക്കേണ്ട കത്തോലിക്കാ തത്വങ്ങള്‍, സഭൈക്യസംബന്ധമായ മറ്റു വിവരങ്ങള്‍ എന്നിവയാണു ഇംഗ്ലീഷില്‍ പുറത്തിറക്കിയ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മല്പാന്‍ മാത്യു വെളളാനിക്കല്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, റവ. ഡോ. റ്റോം ആര്യങ്കാല, റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ എന്നിവരാണ് ഡയറക്ടറി തയാറാക്കുന്നതിനു നേതൃത്വം നല്കിയത്. സീറോമലബാര്‍ എക്യുമെനിക്കല്‍ കമ്മീഷനംഗങ്ങളായ മാര്‍ തോമസ് തുരുത്തിമറ്റം, മാര്‍ ജോസഫ് കൊടകല്ലില്‍, സിനഡിലെ മെത്രാന്മാര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
