India - 2025

കൂട്ടായ്മയിലേക്കു കൈപിടിക്കാന്‍ വിശ്വാസ ജീവിതത്തിനാവണമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 07-09-2017 - Thursday

കൊച്ചി: സ്വാതന്ത്ര്യത്തിലേക്കും കൂട്ടായ്മയിലേക്കും സമന്വയത്തിലേക്കും കൈപിടിക്കാന്‍ വിശ്വാസ ജീവിതത്തിനാവണമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ചു തൃക്കാക്കര സൗത്ത് എസ്എന്‍ഡിപി ശാഖ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികമായ സാഹോദര്യവും മതാന്തര സംവാദവും കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പൂര്‍ണമായും ഇല്ലാതാകണം. മനുഷ്യനെ കൂട്ടിയിണക്കുന്ന കണ്ണികളായും ഉന്നതമായ സംസ്‌കാരത്തിലേക്കുള്ള ചാലകമായും മതങ്ങള്‍ മാറേണ്ടതുണ്ട്. മതത്തിന്റെ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരില്‍ ആരും ആരെയും അകറ്റരുത്. സ്വാതന്ത്ര്യത്തിലേക്കും കൂട്ടായ്മയിലേക്കും സമന്വയത്തിലേക്കും കൈപിടിക്കാന്‍ വിശ്വാസ ജീവിതത്തിനാവണം.

എല്ലാ മതങ്ങളിലെയും നന്മകള്‍ അറിയാനും ഉള്‍ക്കൊള്ളാനുമാകുന്ന മാനവിക ദര്‍ശനമാണു സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത്. ഭിന്നതയും മതമൗലികവാദവും പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ മതനേതാക്കള്‍ക്കൊപ്പം, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ക്കും കടമയുണ്ട്. പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ നിതാന്തമായ ജാഗ്രത ആവശ്യമാണ്. വൈവിധ്യങ്ങളിലും മനുഷ്യത്വത്തില്‍ എല്ലാവരും ഒന്നാണെന്ന ചിന്ത വളര്‍ത്തിയെടുക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

More Archives >>

Page 1 of 96