India - 2025

കേരള ലത്തീന്‍ സഭ വടക്കേ ഇന്ത്യയിലെ 12 ഗ്രാമങ്ങള്‍ ദത്തെടുക്കും

സ്വന്തം ലേഖകന്‍ 10-09-2017 - Sunday

തിരുവനന്തപുരം: കേരള ലത്തീന്‍ സഭ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യപരമായി പിന്നാക്കം നില്‍ക്കുന്ന വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ദത്തെടുക്കും. ഇക്കാര്യം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യമാണ് അറിയിച്ചത്. കെആര്‍എല്‍സിസിയുടെ അഭിമുഖ്യത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ചേര്‍ന്ന് ഒക്ടോബര്‍ ആറു മുതല്‍ എട്ടുവരെ തീയതികളില്‍ വല്ലാര്‍പാടത്തു സംഘടിപ്പിക്കുന്ന മിഷന്‍ കോണ്‍ഗ്രസിനു മുന്നോടിയായുള്ള തിരുവനന്തപുരം അതിരൂപത പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

കേരളത്തിലെ 12 ലത്തീന്‍ രൂപതകളും ഓരോ ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടുത്തെ ജനങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. വടക്കേ ഇന്ത്യയിലെ വിവിധ രൂപതകളുടെ സഹകരണത്തോടെയാണു കേരള ലത്തീന്‍ സഭ ഈ പദ്ധതികള്‍ നടപ്പിലാക്കുക.

സഭയില്‍ അല്മായ പങ്കാളിത്തം വര്‍ധിപ്പിച്ച് സഭാ ജീവിതം ഒരു സ്‌നേഹക്കൂട്ടായ്മയായി പുനരാവിഷ്‌ക്കരിക്കാനുള്ള നയ സമീപന നടപടികളാണ് വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. പോരായ്മ പരിഹരിക്കുന്നതോടൊപ്പം സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ആത്മീയമായും പിന്നാക്കം നില്‍ക്കുന്ന സഹോദരങ്ങളെക്കൂടി തങ്ങളുടെ വികസനമുന്നേറ്റത്തില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യമാണ് കേരള ലത്തീന്‍സഭ മിഷന്‍ കോണ്‍ഗ്രസിലൂടെ സാധ്യമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 97