India - 2025

ചാ​യ് ദേ​ശീ​യ ക​ണ്‍​വെന്‍ഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 24-09-2017 - Sunday

കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെല്‍ത്ത് കണ്‍വെന്‍ഷനും 74ാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് രാജഗിരി വിദ്യാപീഠത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.വിന്‍ചെന്‍സോ പാഗ്ല്യയാണ് ഉദ്ഘാടനം ചെയ്തത്. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെയാണു കണ്‍വന്‍ഷനു തുടക്കമായത്.

ചായ് എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസര്‍ ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ് പതാക ഉയര്‍ത്തി. ചായ് ഡയറക്ടര്‍ ജനറല്‍ റവ.ഡോ. മാത്യു ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും ചായ് കേരള എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് 2016- 17ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

പ്ലാറ്റിനം ജൂബിലിയുടെ അവതരണം ബിഷപ് ഡോ. പ്രകാശ് മല്ലവരപ് നിര്‍വഹിച്ചു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കണ്‍വന്‍ഷന്‍ തീം അവതരിപ്പിച്ചു. രാജഗിരി എന്‍ജിനിയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി കണ്‍വന്‍ഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. പ്രത്യാശ ഹെല്‍ത്ത് കെയറിന്റെ അവതരണം ആര്‍ച്ച്ബിഷപ് ഡോ. വിന്‍ചെന്‍സോയും ഹെല്‍ത്ത് ആക്ഷന്‍ മാസികയുടെ അവതരണം സിബിസിഐ ഹെല്‍ത്ത് വിഭാഗം സെക്രട്ടറി ഫാ. മാത്യു പെരുന്പിലും നിര്‍വഹിച്ചു.

ചായ് ദേശീയ പ്രസിഡന്റ് സിസ്റ്റര്‍ ഡീന, ദേശീയ വൈസ് പ്രസിഡന്റും ചായ് കേരള പ്രസിഡന്റുമായ ഫാ. തോമസ് വൈക്കത്തുപറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. റിസോഴ്‌സ് ഐഡന്റിഫൈ, ഹാര്‍മണൈസ്, ഒപ്റ്റിമൈസ് എന്നതാണു കണ്‍വന്‍ഷന്റെ പ്രമേയം. ഇതിനോടനുബന്ധിച്ചു വിവിധ വിഷയങ്ങളില്‍ സെഷനുകളും എക്‌സിബിഷനും ഇന്നലെ നടന്നു. അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചര്‍ച്ചകളും സമ്മേളനങ്ങളും കണ്‍വന്‍ഷന്റെ ഭാഗമായുണ്ട്. സന്യാസിനികളായ ഡോക്ടര്‍മാര്‍ക്കു മറ്റു ഡോക്ടര്‍മാരുമായി ആശയവിനിമയത്തിന് കണ്‍വന്‍ഷനില്‍ അവസരമൊരുക്കിയിട്ടുണ്ട്.

More Archives >>

Page 1 of 100