India - 2025

'പാലിയം' അണിയിക്കല്‍ ചടങ്ങ് ഒക്ടോബര്‍ 6ന്

സ്വന്തം ലേഖകന്‍ 03-10-2017 - Tuesday

കൊച്ചി: വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാരുടെ സ്ഥാനിക ചിഹ്നമായ 'പാലിയം' ഉത്തരീയം അണിയിക്കല്‍ ചടങ്ങ് ഒക്ടോബര്‍ 6നു നടക്കും. വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്‍ വേദിയിലാണ് ചടങ്ങ്. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിമധ്യേ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയാണ് 'പാലിയം' അണിയിക്കുന്നത്. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്.

കഴിഞ്ഞ ജൂണ്‍ 29ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പാലിയം ആശീര്‍വദിച്ച് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലടക്കമുള്ള 32 മെത്രാപ്പോലീത്തമാര്‍ക്ക് നല്‍കിയിരുന്നു. പാലിയം സ്വീകരിച്ച ഏക ഇന്ത്യക്കാരന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലായിരുന്നു. 2016 ഡിസംബര്‍ 18നാണ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.ഒരു സഭാപ്രവിശ്യയിലെ പ്രധാന നഗരത്തിലെയോ, തലസ്ഥാനത്തെയോ മെത്രാപ്പോലീത്തമാരെയാണ് മെട്രോപോളിറ്റന്‍ ആര്‍ച്ച്ബിഷപ് എന്ന സ്ഥാനം വിവക്ഷിക്കുന്നത്.

മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. പാരന്പര്യമായി ജൂണ്‍ 29ന് പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പാ പാലിയം ആശീര്‍വദിച്ച് അണിയിക്കുകയായിരുന്നു പതിവ്. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതല്‍ പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പാ നിഷ്‌കര്‍ഷിക്കുകയായിരിന്നു. അതുകൊണ്ടു തന്നെ വത്തിക്കാനില്‍ പാപ്പാ 'പാലിയം' ആശീര്‍വദിച്ചു നല്‍കിയതിനു ശേഷമുള്ള ഔദ്യോഗിക ചടങ്ങുകളാണു വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്നത്.

More Archives >>

Page 1 of 103