India

ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലം നേരില്‍ ദര്‍ശിച്ച് രാമപുരം

സ്വന്തം ലേഖകന്‍ 02-10-2017 - Monday

രാമപുരം: ഒന്നര വര്‍ഷത്തെ ശക്തമായ പ്രാര്‍ത്ഥനയുടെ ഒടുവില്‍ ഫാ. ടോം ജന്മനാട്ടില്‍ എത്തിയപ്പോള്‍ രാമപുരം ജനത ഒരുക്കിയത് ഹൃദ്യമായ സ്വീകരണം. പാലാ രൂപതയുടെ സ്വീകരണം ഏറ്റുവാങ്ങിയശേഷം നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് രാമപുരത്തേക്ക് നാടൊന്നാകെ സഹനദാസനെ ആനയിച്ചത്. വൈദികന്റെ കരങ്ങളെ സ്പര്‍ശിക്കാനും സഹനത്തിന്റെ കണ്ണീര്‍ച്ചാലുകള്‍ വീണ മുഖത്ത് സാന്ത്വനത്തിന്റെ ചുംബനം നല്‍കാനും ആയിരങ്ങളാണ് രാമപുരത്ത് എത്തിയത്.

പള്ളിക്കവലയിലെ കുരിശടിയില്‍ സലേഷ്യന്‍ സഭയുടെ വാഹനത്തില്‍ നിന്നിറങ്ങി നേര്‍ച്ച അര്‍പ്പിക്കാന്‍ നടന്നുകയറിയ ടോമച്ചന്‍ പരിശുദ്ധ കന്യകാമാതാവിനും വിശുദ്ധ ആഗസ്തീനോസിനും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കും വാഴ്ത്തപ്പെട്ട തേവര്‍പറന്പില്‍ കുഞ്ഞച്ചനും പേരുപറഞ്ഞു നന്ദിയര്‍പ്പിച്ചു.

ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ ഹാരാര്‍പ്പണം ചെയ്ത് മാതൃ ഇടവകയുടെ ആദരം അര്‍പ്പിച്ചതിനു ശേഷമായിരുന്നു ഇരുവശവും ജനം തിങ്ങിനിറഞ്ഞ പാതയിലൂടെ തുറന്ന ജീപ്പില്‍ ദേവാലയത്തിലേക്ക് ആനയിക്കപ്പെട്ടത്. ജന്മനാട്ടില്‍ തിങ്ങിനിറഞ്ഞ മുഖങ്ങളിലേക്കു വികാരഭരിതനായാണ് ടോമച്ചന്‍ നോക്കിയത്. കൈകള്‍ ഉയര്‍ത്തി അദ്ദേഹം ജനസാഗരത്തെ അഭിവാദ്യംചെയ്തു. തന്റെ മോചനം ആഗ്രഹിച്ചു ദേവാലയങ്ങളില്‍ മാത്രമല്ല, രാമപുരത്തെ ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലുമൊക്കെ പ്രാര്‍ത്ഥനകള്‍ നടന്നുവെന്നതിനെ അനുസ്മരിച്ച് ഫാ. ടോം നാടിനു നന്ദി പറഞ്ഞു.

കരങ്ങള്‍ നീട്ടി സ്‌നേഹം പങ്കുവച്ചാണ് അച്ചന്‍ തുറന്ന വാഹനത്തില്‍ മാതൃ ദേവാലയത്തിലേക്കു നീങ്ങിയത്. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടം വണങ്ങിയ ശേഷം കൃതജ്ഞതാബലി അര്‍പ്പിച്ചു. തുടര്‍ന്ന് അനുമോദന സമ്മേളനത്തിനുശേഷം രാത്രിയാണ് ഫാ. ടോം ജന്മഗൃഹത്തിലെത്തിയത്. ഇന്നലെ രാത്രി ഒന്പതോടെയാണ് ടോമച്ചന്‍ ജന്മവീട്ടിലേക്ക് എത്തിയത്.

ജ്യേഷ്ഠസഹോദരന്‍ മാത്യുവും സഹോദരി മേരിയും ഉള്‍പ്പെടെ കുടുംബാംഗങ്ങളൊന്നാകെ പ്രാര്‍ഥനയോടെയാണ് പ്രിയസഹോദരനെ വീട്ടിലേക്ക് ആനയിച്ചത്. ഫാ.ടോമിനെ സ്വീകരിക്കാന്‍ അയല്‍വാസികളും കാത്തുനിന്നിരുന്നു. മധുരം പങ്കുവച്ച സന്തോഷം പങ്കിട്ടു. ടോമച്ചനെ ആശ്ലേഷിക്കാനും മുത്തം നല്‍കാനും കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും മത്സരിച്ചു. അമ്മയുടെ ചിത്രത്തിലേക്കും മാതാപിതാക്കളുടെ മുറിയിലേക്കും അച്ചന്റെ കണ്ണുകള്‍ കടന്നുപോയി.

ഓടിപ്പാഞ്ഞുനടന്ന കുടുംബത്തിലെ കൊച്ചുമക്കളെ അരികില്‍ വിളിച്ചു ചുംബിച്ചും അനുഗ്രഹം നേര്‍ന്നും മുതിര്‍ന്നവര്‍ക്കു സ്തുതി ചൊല്ലിയും അച്ചനും സന്തോഷത്തിനൊപ്പം ചേര്‍ന്നു. കേക്ക് മുറിച്ചു മൂത്തജ്യേഷ്ഠന്‍ മാത്യുവിന് ആദ്യം സമ്മാനിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, ഏരിയാ സെക്രട്ടറി വി.ജി.വിജയകുമാര്‍, ലാലിച്ചന്‍ ജോര്‍ജ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ബേബി ഉഴുത്തുവാല്‍, ഈരാറ്റുപേട്ടയില്‍നിന്ന് മുസ്ലിം സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഭവനത്തിലെത്തിയിരുന്നു.

More Archives >>

Page 1 of 102