India - 2025

മുളക്കുളം വലിയപള്ളിൽ തീപിടിത്തം

സ്വന്തം ലേഖകന്‍ 03-10-2017 - Tuesday

പിറവം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുളക്കുളം വലിയപള്ളിയിലുണ്ടായ തീപിടിത്തത്തില്‍ പ്രധാന വാതിലും പൂമുഖത്തിന്റെ മേല്‍ത്തട്ടും കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പള്ളിക്കുമുകളില്‍ നിന്നു പുക ഉയരുന്നതു കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. പിറവത്തുനിന്ന് രണ്ടു യൂണിറ്റ് സംഘമെത്തി പൂമുഖത്തിന്റെ മേല്‍ത്തട്ടിലൂടെ ഗോവണി വഴി ഉള്ളില്‍ പ്രവേശിച്ചാണ് തീയണച്ചത്. പ്രധാന വാതില്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. മേല്‍ത്തട്ടിലെ തേക്ക് പാളികളാണ് ഭാഗികമായി കത്തിയത്.

പ്രധാന വാതിലിനോടു ചേര്‍ന്ന് പള്ളിക്കുള്ളില്‍ ധാരാളം നോട്ടുകളും ചില്ലറകളും കിടപ്പുണ്ടായിരുന്നു. പള്ളി പൂട്ടിയിട്ടിരിക്കുന്നതിനാല്‍ വിശ്വാസികള്‍ വാതില്പ്പാടളിക്കിടയിലൂടെ ഉള്ളിലേക്കിടുന്ന പണമാണിത്. നോട്ടുകള്‍ പൂര്‍ണമായും നനഞ്ഞുപോയെങ്കിലും, ഇവ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പള്ളിക്കുള്ളിലെ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. കോടതിയിലെ കേസുകളെത്തുടര്‍ന്ന് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പള്ളിയാണിത്. പള്ളി ആരോ കത്തിക്കാന്‍ ശ്രമിച്ചതാണെന്നുള്ള നിഗമനത്തിലാണു പോലീസ്.

പൂമുഖത്തുനിന്നു കത്തിത്തീരാറായ നിലയില്‍ ഈര്‍ക്കിലിചൂല്‍ ലഭിച്ചിരുന്നു. മണിക്കൂറുകള്‍ക്കു മുമ്പു ചൂലിന്റെ അറ്റത്ത് തീകൊളുത്തിയശേഷം വാതില്‍പ്പാളിയോട് ചേര്‍ത്തുവച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. പള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു വിച്ഛേദിച്ചിരുന്നതിനാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യത കാണുന്നില്ല. പള്ളി പൂട്ടിക്കിടക്കുന്നതിനാല്‍ ഞായറാഴ്ചദിവസങ്ങളില്‍ ചില വിശ്വാസികളെത്തി പുറത്തുനിന്ന് പ്രാര്‍ത്ഥിച്ചു ച്ചുപോവുകയാണു പതിവ്.

ബാക്കിയുള്ള ദിവസങ്ങളില്‍ അപൂര്‍വമായാണ് ആരെങ്കിലും വരാറുള്ളതെന്ന് അയല്‍വാസികള്‍ പറയുന്നു. പിറവം സിഐ കെ. ശിവന്‍കുട്ടി, എസ്‌ഐ കെ.കെ. വിജയന്‍ എന്നിവര്‍ സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി നേരത്തേ കോടതിവിധിയുണ്ടായെങ്കിലും യാക്കോബായ വിഭാഗം ഇതിനെതിരേ വീണ്ടും ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് കേസ് നീണ്ടുപോവുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പള്ളി അവസാനമായി തുറന്നത്.

More Archives >>

Page 1 of 102