India

യേശുവിനായിരിക്കണം ഒന്നാം സ്ഥാനം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

സ്വന്തം ലേഖകന്‍ 23-01-2018 - Tuesday

ആലക്കോട്: യേശുവിനായിരിക്കണം മനസില്‍ ഒന്നാം സ്ഥാനമെന്നും അവിടുത്തെ മറയ്ക്കാന്‍ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാര്‍ത്ഥനയിലൂടെ അതിജീവിക്കണമെന്നും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ആലക്കോട് അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ മൂന്നാംദിവസം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശു എന്ന സത്യം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

യേശുവിനായിരിക്കണം മനസില്‍ ഒന്നാംസ്ഥാനം. യേശുവിനെ മറയ്ക്കാന്‍ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാര്‍ത്ഥനയിലൂടെ അതിജീവിക്കണം. യേശുവിലൂടെ ദൈവം നല്‍കിയ അനുഗ്രഹമാണ് ദൈവമക്കളാകാന്‍ കഴിഞ്ഞുവെന്നത്. ഞാന്‍ ദൈവത്തിന്റെ പുത്രന്‍, പുത്രി ആണെന്ന് പറയാന്‍ കഴിയണം. ഈ കൃപ നമുക്കു മാത്രം ലഭിച്ചതാണ്. ഞാന്‍ എന്റെ യേശുക്രിസ്തുവിലൂടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മകന്‍, മകള്‍ ആണെന്ന് പറയാന്‍ കഴിയണം. അപ്പന്‍ രാജാവാണെങ്കില്‍ മക്കള്‍ രാജപുത്രന്‍മാരാണ്. ആയതിനാല്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായ നമ്മള്‍ ദൈവമക്കളാണ്. ഫാ. സേവ്യര്‍ഖാന്‍ പറഞ്ഞു.

ജപമാലയോടെയാണ് മൂന്നാം ദിവസത്തെ കണ്‍വെന്‍ഷനു തുടക്കമായത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനനടന്നു. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വചന ശുശ്രൂഷയ്ക്കുശേഷം ദിവ്യകാരുണ്യ ആരാധനയും നടന്നു. ഇന്നു വൈകുന്നേരം നാലിന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. പതിനായിരങ്ങളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.

More Archives >>

Page 1 of 132