India - 2025
തൃശ്ശൂരില്‍ ക്രൂശിത രൂപത്തിനു നേരെ മൂന്നാംതവണയും ആക്രമണം
സ്വന്തം ലേഖകന്‍ 24-01-2018 - Wednesday
തൃപ്രയാര്‍: തൃശ്ശൂര്‍ തൃപ്രയാറിലെ സെന്റ് ജൂഡ് പള്ളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച ക്രൂശിത രൂപത്തിനു നേരെ മൂന്നാംതവണയും ആക്രമണം. അജ്ഞാതന്‍ നടത്തിയ കല്ലേറില്‍ ക്രൂശിതരൂപത്തിന്റെ വലതു കൈപ്പത്തി തകര്‍ന്നു. മറ്റു ഭാഗങ്ങളിലും പൊട്ടലുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചോടെ പള്ളിയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ വന്ന വിശ്വാസികളാണ് ക്രൂശിതരൂപം തകര്‍ത്ത നിലയില്‍ കണ്ടത്. ഉടനെ പള്ളി കൈക്കാരന്മാരേയും വികാരിയേയും വിവരമറിയിക്കുകയായിരുന്നു. വികാരി ഫാ. പ്രിന്‍സ് പുവത്തിങ്കലിന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്കു പരാതി നല്കി.
ഒരാള്‍ ഓടിവന്ന് ആദ്യം ഒരു കല്ലെറിയുന്നതും പിന്നീട് രണ്ടാമതും ക്രൂശിത രൂപത്തിനു നേരെ കല്ലെറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. നേരത്തെ രണ്ടുതവണ ക്രൂശിതരൂപത്തിനു നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതുടര്‍ന്ന് പള്ളിയുടെ ഉള്ളിലും പുറത്തും സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു. വലപ്പാട് എസ്എച്ച്ഒ ടി.കെ.ഷൈജു, എസ്‌ഐ ഇ.ആര്‍.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.