India - 2025
സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 02-02-2018 - Friday
ബംഗളുരു: അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ( സിബിസിഐ) ദ്വൈവാര്‍ഷിക സമ്മേളനം ബംഗളുരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മ്യാന്‍മറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ചാള്‍സ് ബോ മുഖ്യാതിഥിയായി. സിബിസിഐ പ്രസിഡന്റ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാര്‍ഡ് മോറസ് സ്വാഗതം ആശംസിച്ചു.കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ എന്നിവരും മറ്റു സിബിസിഐ ഭാരവാഹികളും യോഗത്തില്‍ സന്നിഹിതരായി. സമ്മേളനത്തില്‍ രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ രൂക്ഷമാകുന്നതിനെ പറ്റി ചര്‍ച്ച നടക്കും. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പ്പെട്ട 174 രൂപതകളില്‍ നിന്നുള്ള 204 മെത്രാന്മാരും വിരമിച്ച 64 മെത്രാന്മാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം ഒന്‍പതിനു സമാപിക്കും.
