India - 2025

അതിരമ്പുഴ തിരുനാളിലെ ഗുണ്ടാവിളയാട്ടത്തില്‍ പ്രതിഷേധിച്ച് റാലി

സ്വന്തം ലേഖകന്‍ 05-02-2018 - Monday

അതിരമ്പുഴ: തിരുനാള്‍ ദിനത്തില്‍ അതിരമ്പുഴയിലുണ്ടായ ഗുണ്ടാവിളയാട്ടത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ റാലി നടന്നു. നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകള്‍ അണിനിരന്ന റാലി ഇന്നലെ വൈകുന്നേരം അതിരമ്പുഴ പള്ളിയില്‍ നിന്നാണു റാലി ആരംഭിച്ചത്. പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കു ശേഷം ആരംഭിച്ച റാലിയില്‍ മുദ്രാവാക്യങ്ങളോ അനൗണ്‍സ്‌മെന്റുകളോ ഉണ്ടായിരുന്നില്ല. തികച്ചും ശാന്തമായി നടന്ന റാലി അതിരന്പുഴയുടെ വികാരം പ്രകടിപ്പിക്കുകയായിരുന്നു. വികാരി ഫാ.സിറിയക് കോട്ടയില്‍ നയിച്ച റാലിക്ക് അസിസ്റ്റന്റ് വികാരിമാരായ ഫാ.ജെറിന്‍ തോട്ടക്കാട്ടുകാലായില്‍, ഫാ.ജസ്റ്റിന്‍ വഞ്ചിക്കല്‍, ഫാ.തോമസ് കാഞ്ഞിരത്തുംമൂട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മനുഷ്യ സാഹോദര്യത്തിനു പേരുകേട്ട അതിരന്പുഴയില്‍ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന സംഭവ വികാസങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. അതിരന്പുഴ ജനാവലിയുടെ ഈ ഹൃദയ വികാരം പ്രകടമാക്കുക എന്നതായിരുന്നു റാലിയുടെ ലക്ഷ്യമെന്ന് വികാരി ഫാ. സിറിയക് കോട്ടയില്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലിയില്‍ പങ്കെടുത്തു. റാലിക്കു ശേഷം ചെറിയ പള്ളിയില്‍ പ്രാര്‍ഥനാ ശുശൂഷ നടത്തിയാണ് പ്രതിഷേധ പരിപാടി അവസാനിപ്പിച്ചത്.


Related Articles »