Faith And Reason - 2025
അമേരിക്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് പതിനായിരങ്ങള്‍
സ്വന്തം ലേഖകന്‍ 03-04-2018 - Tuesday
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ പാതിരാ കുര്‍ബാനക്കിടയില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായത് പതിനായിരകണക്കിനു ആളുകള്‍. അമേരിക്കയിലെ ഇരുനൂറോളം രൂപതകളിലെ 85-ഓളം രൂപതകള്‍ നല്‍കിയ കണക്കുകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ലോസ് ആഞ്ചലസ് രൂപതയില്‍ മാത്രം 1700-ഓളം പേരാണ് ആദ്യമായി ജ്ഞാനസ്നാനം സ്വീകരിച്ചത്. 1,127-ഓളം പേര്‍ ജ്ഞാനസ്നാന നവീകരണവും നടത്തി. ലഭ്യമായ കണക്കുകള്‍ പ്രകാരം സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയില്‍ 173 പേര്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിക്കുകയും 169 പേര്‍ ജ്ഞാനസ്നാന നവീകരണം നടത്തുകയും ചെയ്തു.
ഗാല്‍വെസ്റ്റോണ്‍-ഹൂസ്റ്റണ്‍ രൂപതയില്‍ 153 പുതുതായി ജ്ഞാനസ്നാനം സ്വീകരിക്കുകയും 618 ജ്ഞാനസ്നാന നവീകരണം നടത്തുകയും ന്യൂയോര്‍ക്കില്‍ 400 പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും 468 പേര്‍ ജ്ഞാനസ്നാന നവീകരണം നടത്തുകയും ചെയ്തു. മറ്റ് രൂപതകളില്‍ - അറ്റ്‌ലാന്റ 708, 1,280; സീറ്റില്‍ 664, 429; ഹാര്‍ട്ട്ഫോര്‍ഡ് 59, 55; ഫിലാഡെല്‍ഫിയ 254, 236; ആങ്കറേജ് 36, 32; വാഷിംഗ്‌ടണ്‍ 576, 237; നെവാര്‍ക്ക് 416, 657; ഒക്ലാഹോമ സിറ്റി 239, 327; ഡുബുക്ക് 72, 120; സെന്റ് പോള്‍ ആന്‍ഡ് മിന്നിപോളിസ് 228, 386 എന്നിങ്ങനെ യഥാക്രമം പുതുതായി മാമോദീസ സ്വീകരിക്കുവാനും, ജ്ഞാനസ്നാന നവീകരണത്തിനായും എത്തി. സാന്‍ ഡീഗോ രൂപതയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും നവീകരണം നടത്തുകയും ചെയ്തത് 1,091 പേരാണ്.
കത്തോലിക്ക സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അതിനു കഴിയുമെങ്കിലും ഉയിര്‍പ്പിനോടനുബന്ധിച്ച പാതിരാ കുര്‍ബാനയാണ് അതിനു ഏറ്റവും അനുയോജ്യമായ സമയമെന്നു അമേരിക്കയിലെ മെത്രാന്‍ സമിതി (USCCB) പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. ദൈവത്തിന്റെ ചരിത്രം മനുഷ്യന്റെ കൂടി ചരിത്രമായി മാറത്തക്കവിധം യേശുവുമായുള്ള ഒരു പുതിയ ബന്ധമാണ് മാമ്മോദീസയിലൂടെ ലഭിക്കുന്നതെന്ന് ഡെട്രോയിറ്റിലെ മെത്രാപ്പോലീത്തയായ അല്ലെന്‍ വിഗ്നെറോണ്‍ പറഞ്ഞു. ആയിരകണക്കിനു ആളുകള്‍ക്ക് വേണ്ടി ജ്ഞാനസ്നാനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ ആരംഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.