India - 2025

മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാളെ അഭിഷിക്തനാകും

സ്വന്തം ലേഖകന്‍ 04-04-2018 - Wednesday

തൊടുപുഴ: ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാളെ അഭിഷിക്തനാകും. വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഇടുക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സഹകാര്‍മികരായിരിക്കും. ഉച്ചകഴിഞ്ഞ് 1.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു തുടങ്ങുന്ന പ്രദക്ഷിണത്തോടെ അഭിഷേക പരിപാടികള്‍ക്കു തുടക്കമാകും.

മെത്രാഭിഷേകത്തിനു ശേഷം കോതമംഗലം ബിഷപ്പ് എമെരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ്പ് ഉദ്ഘാടനംചെയ്യും. തിരുവല്ല ആര്‍ച്ച്ബിഷപ്‌തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ 'ഇടയന്റെ പാദമുദ്രകള്‍' എന്ന സ്മരണിക പ്രകാശനംചെയ്യും.

വൈദ്യുതിമന്ത്രി എം.എം. മണി, യാക്കോബായ സുറിയാനിസഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഏലിയാസ് മാര്‍ ജൂലിയസ്, ജോയ്‌സ് ജോര്‍ജ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, പി.ജെ. ജോസഫ് എംഎല്‍എ, കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചെമ്മരപ്പള്ളില്‍, തുടങ്ങീ നിരവധി പേര്‍ ആശംസകള്‍ നേരും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. മെത്രാഭിഷേക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.വി. ലൂക്കാ കൃതജ്ഞതയും പറയും.

പതിനയ്യായിരം പേര്‍ക്കിരിക്കാവുന്ന പന്തലും എല്ലാവര്‍ക്കും പരിപാടികള്‍ കാണത്തക്ക വിധത്തിലുള്ള എല്‍ഇഡി വോളുകളും ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ ക്രമീകരണങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി 20 കമ്മിറ്റികള്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുകയായിരിന്നു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.

More Archives >>

Page 1 of 150