India - 2025
മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
സ്വന്തം ലേഖകന്‍ 28-03-2018 - Wednesday
ചെറുതോണി: ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകത്തിനും മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പു സമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. മെത്രാഭിഷേകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 20 കമ്മിറ്റികള്‍ കഴിഞ്ഞ രണ്ടുമാസമായി പ്രവര്‍ത്തിക്കുന്നുണ്ട്. വൈദികരും വിശ്വാസസമൂഹവും ഒന്നടങ്കമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് മെത്രാന്മാരും ഇടുക്കി രൂപതയിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന പ്രദക്ഷിണത്തോടുകൂടിയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്. തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും.
മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കോതമംഗലം രൂപത മെത്രാന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ മെത്രാഭിഷേകകര്മത്തിന് സഹകാര്‍മികരായിരിക്കും. ഇടുക്കി രൂപതയിലെയും സമീപ രൂപതകളിലെയും വൈദികരും മെത്രാന്മാരും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും. തിരുക്കര്‍മങ്ങള്‍ക്കുശേഷം ഇടുക്കി രൂപത മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പു സമ്മേളനവും പുതുതായി അഭിഷിക്തനാകുന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ അനുമോദിച്ചുകൊണ്ടുള്ള സമ്മേളനവും 5.30ന് നടക്കും.
ബിഷപ്പ് എമിരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ സ്വാഗതം ആശംസിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് ് മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ ഉള്‍പ്പെടുത്തിയുള്ള സ്മരണികയുടെ പ്രകാശനം നടത്തും.
മന്ത്രി എം.എം. മണി, ജോയ്സ് ജോര്‍ജ് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്, പി.ജെ. ജോസഫ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളില്‍, മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പാറേക്കാട്ടേല്‍ സിഎംഐ, ഇടുക്കി കാര്‍മല്‍ഗിരി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആലീസ് മരിയ സിഎംസി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തും.
