Faith And Reason - 2025
'തന്റേത് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിരിക്കുന്ന ടീം': ഫിലാഡെൽഫിയ കോച്ച്
സ്വന്തം ലേഖകന്‍ 10-07-2018 - Tuesday
ഫിലാഡെൽഫിയ: യേശുവിലുള്ള വിശ്വാസം തന്റേയും തന്റെ ടീമംഗങ്ങളുടേയും ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു വ്യക്തമാക്കികൊണ്ട് ഫിലാഡെൽഫിയ ഈഗിള്‍സ് കോച്ച് ഡഗ് പെഡേഴ്സന്‍. യേശുക്രിസ്തുവിനെ രക്ഷകനും, കര്‍ത്താവുമായി സ്വീകരിച്ചിരിക്കുന്ന ഒരു ടീം തനിക്കുണ്ടെന്നും പ്രാര്‍ത്ഥന കൂടാതെ ഒന്നും സാധ്യമല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. 2020-ല്‍ തുറക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്ന ഫെയിത്ത് ലിബര്‍ട്ടി ഡിസ്കവറി സെന്‍ററിനെക്കുറിച്ച് വിവരിക്കുന്നതിനായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ഫിലാഡെൽഫിയായില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും തന്റെ ടീമംഗങ്ങളും ദിവസവും രാവിലെ ബൈബിള്‍ വായിക്കാറുണ്ടെന്നും' സ്പോര്‍ട്സ് റേഡിയോ കമന്റേറ്ററായ റോബ് മാഡിയുമായി നടത്തിയ ചോദ്യോത്തരവേളയില്‍ പെഡേഴ്സണ്‍ വെളിപ്പെടുത്തി.
പരിശുദ്ധാത്മാവാണ് തന്നെയും തന്‍റെ ടീമിനേയും ബന്ധിപ്പിച്ചിരിക്കുന്നത്. ഈഗിള്‍സിനെക്കുറിച്ച് ദൈവത്തിനു പ്രത്യേക പദ്ധതിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനെ രക്ഷകനും, കര്‍ത്താവുമായി സ്വീകരിച്ചിരിക്കുന്ന ഒരു ടീം എനിക്കുണ്ട്. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും പെഡേഴ്സണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പെഡേഴ്സന്റെ കീഴിലാണ് ഫിലാഡെൽഫിയ ഈഗിള്‍സ് തങ്ങളുടെ ആദ്യത്തെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. വിവിധ സഭകളില്‍ നിന്നുള്ള ആയിരത്തോളം വിശ്വാസികള്‍ അത്താഴവിരുന്നില്‍ പങ്കെടുത്തു.
1816-ല്‍ ജനങ്ങളില്‍ ബൈബിള്‍ വായനാശീലം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ലോകമാകമാനമായി ഇതുവരെ 600 കോടിയോളം ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ബൈബിള്‍ സൊസൈറ്റിയുടെ ഫെയിത്ത് ലിബര്‍ട്ടി ഡിസ്കവറി സെന്റര്‍ 6 കോടി ഡോളര്‍ ചിലവഴിച്ചാണ് നിര്‍മ്മിക്കുന്നത്. അമേരിക്ക നിലവില്‍ വന്നത് മുതല്‍ ഇക്കാലം വരെ അമേരിക്കയുടെ സ്ഥാപനത്തില്‍ ബൈബിളും ക്രൈസ്തവ വിശ്വാസവും വഹിച്ച പങ്കിനെ വെളിപ്പെടുത്തും വിധമാണ് ഇതിന്റെ രൂപകല്‍പ്പന. ഉദ്ഘാടനം ചെയ്യുന്ന വര്‍ഷം തന്നെ ഏതാണ്ട് നാലുലക്ഷത്തോളം ആളുകള്‍ സെന്റര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.