Faith And Reason - 2025
ക്രിസ്തീയ സ്നേഹം കരകവിഞ്ഞൊഴുകി; പ്രതിക്ക് മാപ്പ് നല്‍കി മേരി
സ്വന്തം ലേഖകന്‍ 01-07-2018 - Sunday
ചെങ്ങന്നൂര്‍: ക്രിസ്തീയ സ്നേഹം കരകവിഞ്ഞൊഴുകിയപ്പോള്‍ കേരള മണ്ണില്‍ നിന്നു വീണ്ടും ഒരു ക്ഷമയുടെ അധ്യായം. കേരളത്തെ നടുക്കിയ ചാക്കോ കൊലക്കേസിലെ രണ്ടാംപ്രതിക്കു മാപ്പ് നല്‍കികൊണ്ട് പത്‌നി ശാന്തമ്മ ചാക്കോയെന്ന മേരിയാണ് യേശു പഠിപ്പിച്ച ക്ഷമയുടെ മാതൃക അനേകര്‍ക്ക് മുന്നില്‍ സാക്ഷ്യമായി നല്‍കിയത്. ചെങ്ങന്നൂര്‍ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ജോര്‍ജ് പനയ്ക്കലിന്റെ സാന്നിധ്യത്തിലാണ് ശാന്തമ്മ ഭാസ്‌കരപിള്ളയോട് പരിഭവമില്ലെന്നും ക്ഷമിക്കുകയാണെന്നും പറഞ്ഞത്. പലരുടെയും പ്രേരണ കാരണം സംഭവിച്ചുപോയതാണിതെന്ന ഭാസ്‌കരപിള്ളയുടെ കണ്ണുനിറഞ്ഞ ക്ഷമാപണത്തിന് ആശ്വാസ വാക്കുകളാണ് മേരി നല്‍കിയത്.
'നിങ്ങളെ പീഡിപ്പിക്കുന്നവരോട് നിങ്ങള്‍ ക്ഷമിക്കൂ' എന്ന ബൈബിള്‍ വചനമാണ് ഇത്തരമൊരു പ്രവൃത്തിയിലേക്കുതന്നെ നയിച്ചതെന്നും ഭര്‍ത്താവിനെ ഇല്ലാതാക്കിയവരോടു വെറുപ്പോ ദേഷ്യമോ ഇല്ലായെന്നും മേരി പറഞ്ഞു. ഭാസ്‌കരപിള്ളയോട് ക്ഷമിച്ചതിനൊപ്പം ഒന്നാംപ്രതി സുകുമാരക്കുറുപ്പിനോടും പരിഭവമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്ന ചാക്കോയുടെ സഹോദരന്മാരായ ജോണ്‍സണും സാജനും എന്നിവര്‍ക്കൊപ്പമായിരുന്നു ശാന്തമ്മ ചെങ്ങന്നൂരില്‍ എത്തിയത്. ദീര്‍ഘനാളായി തങ്ങളുടെ മനസിലുള്ള ഒരു ആഗ്രഹമാണ് ഈ മാപ്പു നല്കലിലൂടെ സാധിച്ചതെന്നു ജോണ്‍സണും സാജനും പറഞ്ഞു.
1984-ല്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിക്കുകയായിരിന്നു. കൊല്ലപ്പെടുന്‌പോള്‍ ചാക്കോയുടെ ഭാര്യ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. രണ്ടാം പ്രതിയായ ഭാസ്‌കരപിള്ളയ്ക്കും മൂന്നാം പ്രതിയായ പൊന്നപ്പനും ജീവപര്യന്തം ലഭിച്ചിരുന്നു. എന്നാല്‍, സുകുമാരക്കുറുപ്പിനെ സംഭവത്തിനു ശേഷം ഇതുവരെ ആരും കണ്ടിട്ടില്ല.
2007-ല്‍ തങ്ങളുടെ മകളുടെ ഘാതകനായ സമുന്ദര്‍ സിംഗിനോട് സിസ്റ്റര്‍ റാണി മരിയയുടെ മാതാപിതാക്കള്‍ പൈലിയും ഏലീശ്വയും ക്ഷമിച്ച ക്രിസ്തീയ ക്ഷമയുടെ തനിയാവര്‍ത്തനം ഇക്കഴിഞ്ഞ മാര്‍ച്ചിലും ആവര്‍ത്തിച്ചിരിന്നു. മലയാറ്റൂര്‍ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ ഘാതകനോട് ക്ഷമിക്കുന്നതായി പറഞ്ഞുകൊണ്ടു പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് യേശു പഠിപ്പിച്ച ക്ഷമയുടെ മറ്റൊരു മഹത്തായ മാതൃകയായിരിന്നു. ഇതിന്റെ മറ്റൊരു ആവര്‍ത്തനമാണ് ഇന്നലെ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലും നടന്നത്.