Faith And Reason - 2025
അബോര്‍ഷന്‍ അനുകൂല നിലപാട്: പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ഐറിഷ് പാര്‍ലമെന്‍റംഗം
സ്വന്തം ലേഖകന്‍ 23-06-2018 - Saturday
ഡബ്ലിന്‍, അയര്‍ലണ്ട്: അബോര്‍ഷന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഐറിഷ് പാര്‍ലമെന്‍റംഗം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വടക്കന്‍ ടിപ്പെററി/ഒഫ്ഫാലിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ നാല്‍പ്പതുകാരിയായ കരോള്‍ നോളനാണ് ഇടതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായ സിന്‍ ഫെയിനില്‍ നിന്നും രാജിവെച്ചത്. ജൂണ്‍ 19-നാണ് പാര്‍ട്ടിയില്‍ നിന്നും പിന്‍വാങ്ങുന്ന കാര്യം അവര്‍ മാധ്യമങ്ങളെ അറിയിച്ചത്. ബെല്‍ഫാസ്റ്റില്‍ വച്ച് നടന്ന കോണ്‍ഫറന്‍സില്‍ 'സിന്‍ ഫെയിന്‍' പാര്‍ട്ടിയംഗങ്ങള്‍ അബോര്‍ഷനെ പിന്തുണക്കുന്ന തരത്തില്‍ പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തുന്നതിനെ അനുകൂലിച്ചു കൊണ്ടാണ് വോട്ട് ചെയ്തത്.
പാര്‍ട്ടിയെ എതിര്‍ത്തു അബോര്‍ഷന് എതിരായി വോട്ടു ചെയ്ത ഏക സിന്‍ ഫെയിന്‍ പാര്‍ലമെന്റംഗം നോളന്‍ മാത്രമാണ്. പാര്‍ലമെന്റംഗങ്ങള്‍ക്ക് സ്വന്തം മനസാക്ഷിയനുസരിച്ച് സ്വാതന്ത്ര്യത്തോടെ വോട്ടു ചെയ്യുവാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഫറന്‍സില്‍ തിരസ്കരിക്കപ്പെടുകയായിരിന്നു. പാര്‍ട്ടി അംഗങ്ങളുടെ പ്രോലൈഫ് കാഴ്ചപ്പാടുകളെ ബഹുമാനിക്കാത്ത പാര്‍ട്ടിയുമായി തനിക്കിനി ബന്ധമൊന്നുമില്ലെന്നു നോളന്‍ മാധ്യമങ്ങളെ അറിയിച്ചു. ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വോട്ടു ചെയ്തവരായിരിക്കും ഇനി അയര്‍ലണ്ടില്‍ നടക്കുന്ന ഓരോ അബോര്‍ഷന്റേയും ഉത്തരവാദികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരാണ് ജീവിക്കേണ്ടത്, ആരാണ് മരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാരോ സമൂഹമോ അല്ല. ഓരോ ജീവിതവും അമൂല്യമാണ്. ഓരോ കുഞ്ഞിനും ജീവിക്കുവാനുള്ള അവകാശമുണ്ടെന്നും നോളന്‍ വ്യക്തമാക്കി. അതേസമയം നോളന്റെ പ്രോലൈഫ് തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് അയര്‍ലണ്ടിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സിന്‍ ഫെയിന്‍ എല്ലായ്പ്പോഴും അബോര്‍ഷന്‍ അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്ന് അയര്‍ലന്‍ഡ് റോസറി ഓണ്‍ ദി കോസ്റ്റ് ഫോര്‍ ഫെയിത്തിന്റെ സംഘാടകയായ കാത്തി സിന്നോട്ട് പറഞ്ഞു.