News - 2025

പീഡിത ക്രൈസ്തവര്‍ക്കുള്ള ട്രംപിന്റെ സഹായത്തിന് അഭിനന്ദനം അറിയിച്ച് ഇറാഖി മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 31-12-2018 - Monday

ബാഗ്ദാദ്: പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് ഡൊണാൾഡ് ട്രംപ് ഭരണകൂടം നൽകുന്ന സഹായങ്ങൾക്ക് അഭിനന്ദനമറിയിച്ച് ഇറാഖിലെ അതിരൂപതയുടെ മെത്രാപ്പോലീത്ത ബാഷർ വർധ. തങ്ങളോട് ഇത്രയും അടുപ്പം കാണിക്കുന്ന ആദ്യത്തെ ഭരണകൂടമാണ് ഇതെന്ന് ആർച്ച് ബിഷപ്പ് അമേരിക്കൻ കത്തോലിക്ക മാധ്യമമായ ക്രുക്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളിൽ നിന്നും പീഡനം സഹിച്ച ക്രൈസ്തവർക്ക് സഹായം നൽകുമെന്ന് കഴിഞ്ഞ ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ഉറപ്പുനൽകിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്നും വംശഹത്യക്കും, വേട്ടയാടലിനും ഇരയായ ക്രൈസ്തവരുടെ മോചനത്തിനായി സഹകരിക്കുവാന്‍ ഹംഗറിയും അമേരിക്കയും ധാരണയായത്. ഡിസംബർ പതിനെട്ടിനു ഹംഗറിയും അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കൻ ഏജൻസിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇതേത്തുടർന്ന് ഇറാഖിന് പുനർ നിർമ്മാണത്തിനായുള്ള പണം ലഭിക്കും. ഈ സാമ്പത്തിക സഹായത്തിനെ 'ക്രിസ്തുമസ് സമ്മാനം' എന്നാണ് ആർച്ച്ബിഷപ്പ് വിശേഷിപ്പിച്ചത്.

ആദ്യഘട്ടത്തിൽ വിദ്യാലയങ്ങളുടെ പുനർനിർമാണത്തിന് ആയിരിക്കും പണം ഉപയോഗിക്കുക. ക്രിസ്തുമസിന് പിറ്റേദിവസം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖി പ്രസിഡന്റ് ബർഹം സാലിഹുമായി ബാഗ്ദാദിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇറാഖ് സന്ദർശിക്കാനായിട്ടുള്ള ക്ഷണവും പ്രസിഡൻറ് കർദിനാൾ പിയട്രോ പരോളിന് കൈമാറി. ബൈബിൾ അടിസ്ഥാനത്തിൽ അബ്രാഹത്തിന്റ ജന്മസ്ഥലമായ ഇറാഖിലേക്ക് 2019-ൽ നടക്കാനിരിക്കുന്ന ഒരു മതാന്തര കൂട്ടായ്മയ്ക്കായിട്ടാണ് ബർഹം സാലിഹ് മാർപാപ്പയെ ക്ഷണിച്ചത്.

More Archives >>

Page 1 of 401