Faith And Reason - 2025
'യേശുവിന്റെ സത്യം പഠിപ്പിച്ചാല്‍ മാത്രമേ കത്തോലിക്കരെ സഭയുമായി അടുപ്പിക്കുവാന്‍ കഴിയുകയുള്ളൂ'
സ്വന്തം ലേഖകന്‍ 27-06-2019 - Thursday
ബാള്‍ട്ടിമോര്‍: യേശു പഠിപ്പിച്ച സഭാ പ്രബോധനങ്ങളുടെ അടിസ്ഥാന സത്യത്തിലേക്ക് തിരിച്ചു വന്നാല്‍ മാത്രമേ വിശ്വാസികളെ പ്രത്യേകിച്ച് യുവജനതയെ സഭയുമായി അടുപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്ന് അമേരിക്കയിലെ മെത്രാന്മാര്‍. വിശുദ്ധ കുര്‍ബ്ബാനയില്‍ വിശ്വാസികളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ സംഘടിപ്പിച്ച അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ സ്പ്രിങ്ങ് ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത മെത്രാന്മാരാണ് വിശ്വാസികള്‍ സഭയില്‍ നിന്നും അകലുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്. ലോസ് ആഞ്ചലസ് സഹായ മെത്രാനും, വേര്‍ഡ് ഓണ്‍ ഫയര്‍ മീഡിയ കമ്പനിയുടെ സ്ഥാപകനും, സുവിശേഷവത്കരണ, മതബോധന കമ്മിറ്റിയുടെ ചെയര്‍മാനുമായ ബിഷപ്പ് റോബര്‍ട്ട് ബാരോണ്‍ സഭ വിട്ടുപോയ വിശ്വാസികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിച്ചു.
1980-90 കള്‍ക്കും ഇടയില്‍ ജനിച്ച തലമുറയില്‍ പകുതിപേരും സഭയില്‍ നിന്ന്‍ പൂര്‍ണ്ണമായും വിട്ടുപോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സഭ വിട്ടുപോകുന്നവരുടെ ശരാശരി പ്രായം 13 വയസ്സാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ വിട്ടുപോയവരെ മാത്രമല്ല അവരുടെ കുട്ടികളെക്കൂടി പരിഗണിക്കണമെന്നു ഗ്രീന്‍ ബേ മെത്രാന്‍ ഡേവിഡ് റിക്കന്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികളുടെ പങ്കാളിത്തത്തില്‍ വന്ന കുറവ് കാന്‍സാസ് സിറ്റി മെത്രാന്‍ ജെയിംസ് ജോന്‍സ്റ്റോനും ചൂണ്ടിക്കാട്ടി.
ദിവ്യബലിക്കും ദിവ്യകാരുണ്യ ആരാധനക്കുമാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നാണ് റിച്ച്മോണ്ട് രൂപതാ മെത്രാനായ ബാരി നെസ്റ്റൌട്ട് പറഞ്ഞത്. അമേരിക്കന്‍ സഭയില്‍ ഉയര്‍ന്നുവന്ന ലൈംഗീകാപവാദങ്ങള്‍ വിശ്വാസികളെ സഭയില്‍ നിന്നും അകറ്റിയെന്ന്‍ ടെക്സാസ് മെത്രാന്‍ ജോസഫ് സ്ട്രിക്ക്ലാന്‍ഡ് തുറന്ന്‍ സമ്മതിച്ചു. "സഭയില്‍ നിന്നും അകലുന്ന യുവത്വത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. യേശുവിന്റെ അത്ഭുതകരമായ സത്യങ്ങളിലുള്ള വിശ്വാസം നിലച്ച ഹൃദയങ്ങളിലും ഇത് തന്നെയല്ലേ സംഭവിച്ചത് ?" അദ്ദേഹം ചോദിച്ചു.
പുരോഹിതരുടെ ലൈംഗീകാപവാദങ്ങളും, വിശ്വാസികളുടെ സഭവിട്ടുപോകലും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റിക്ക്ലാന്‍ഡ് ബിഷപ്പിന് പുറമേ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡ് അതിരൂപതയുടെ മെത്രാപ്പോലീത്തയായ അലക്സാണ്ടര്‍ സാമ്പിളും ഇക്കാര്യം ആവര്‍ത്തിച്ചു. വിശ്വാസത്തില്‍ ജീവിക്കുകയും, വിശ്വാസം പ്രഘോഷിക്കുകയുമാണ് പുരോഹിതരുടെ കര്‍ത്തവ്യമെന്നു അദ്ദേഹം പറഞ്ഞു. സുവിശേഷം പ്രഘോഷിച്ചപ്പോഴാണ് വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിതം ഫലവത്തായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഹിതര്‍ക്ക് നേരെ ഉയര്‍ന്ന ലൈംഗീകാപവാദങ്ങളും അസ്സംബ്ലിയുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. നവംബറില്‍ നടക്കുന്ന ജെനറല്‍ അസ്സംബ്ലിയിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് മെത്രാന്മാര്‍ സൂചിപ്പിച്ചത്.