Faith And Reason - 2025
'ഇല്ലാതാക്കാന്‍ കഴിയില്ല': ജയിലില്‍ ബൈബിള്‍ ഹൃദിസ്ഥമാക്കി ചൈനീസ് ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 13-06-2019 - Thursday
ബെയ്ജിംഗ്: അടിച്ചമര്‍ത്തലുകള്‍ കൊണ്ട് ഇല്ലാതാക്കുവാന്‍ കഴിയുന്നതല്ല ക്രിസ്തുവിലുള്ള വിശ്വാസമെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ് കമ്മ്യൂണിസ്റ്റ് ചൈനയിലെ ക്രൈസ്തവര്‍. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ തടവില്‍ കഴിയുന്ന ക്രൈസ്തവര്‍ ബൈബിള്‍ ഹൃദിസ്ഥമാക്കിയാണ് തങ്ങളുടെ വിശ്വാസത്തെ നെഞ്ചോട് ചേര്‍ക്കുന്നത്. തടവറയിലെ കാവല്‍ക്കാര്‍ വേദപുസ്തകങ്ങളും, സുവിശേഷങ്ങളും പിടിച്ചുവാങ്ങിക്കുന്നതിനാല്‍ മുഴുവന്‍ സുവിശേഷങ്ങളും ഹൃദിസ്ഥമാക്കുന്ന തിരക്കിലാണ് തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെന്ന് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 'കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് നമ്മുടെ ഹൃദയത്തിലുള്ളത് പിടിച്ചെടുക്കാന്‍ കഴിയില്ലല്ലോ' എന്നാണ് ക്രൈസ്തവര്‍ പറയുന്നത്.
ഹവായിയിലെ ഹോണോലുലുവിലെ ന്യൂ ഹോപ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പാസ്റ്ററായ വേയ്നെ കോര്‍ഡേയ്റോയാണ് ചൈനയിലെ ജയിലുകളില്‍ കഴിയുന്ന ക്രിസ്ത്യാനികളുടെ ആഴമായ വിശ്വാസ തീക്ഷ്ണതയെക്കുറിച്ച് പറഞ്ഞത്. സമീപകാലത്ത് ഒരു നേതൃത്വ പരിശീലന പരിപാടിക്കായി ചൈന സന്ദര്‍ശിച്ച സമയത്ത് തനിക്കുണ്ടായ അനുഭവത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഇരുപത്തിരണ്ടോളം ക്രിസ്ത്യാനികള്‍ 13 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് ഈ പരിപാടിക്കായി എത്തിയതെന്ന് അദ്ദേഹം പറയുന്നു. 22 പേരില്‍ 18 പേരും യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടുള്ളവരാണ്.
അവര്‍ക്കായി 15 ബൈബിള്‍ മാത്രമേ തന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് പാസ്റ്റര്‍ കോര്‍ഡേയ്റോ പറഞ്ഞു. 2 പത്രോസ് 1 സുവിശേഷ ഭാഗം വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ തന്റെ കയ്യിലെ ബൈബിള്‍ അടുത്തിരുന്ന ആള്‍ക്ക് കൈമാറി. ആ സ്ത്രീ മുഴുവന്‍ ബൈബിളും ഹൃസ്ഥമാക്കിയിട്ടുണ്ടെന്ന് പാസ്റ്ററിന് മനസ്സിലായത് പിന്നീടാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ജയിലില്‍ ഒരുപാട് സമയമുണ്ട്' എന്നായിരുന്നു സ്ത്രീയുടെ മറുപടി. ബൈബിളുകള്‍ ജയിലില്‍ പിടിച്ചു വാങ്ങിക്കില്ലേ? എന്ന് ചോദിച്ചപ്പോള്‍, ആളുകള്‍ സുവിശേഷങ്ങള്‍ പേപ്പറുകളില്‍ എഴുതി കാവല്‍ക്കാര്‍ കാണാതെ എത്തിച്ചു തരുമായിരുന്നെന്നും, തങ്ങള്‍ അത് എത്രയുംപെട്ടെന്ന് ഹൃദിസ്ഥമാക്കുകയായിരിന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
“കാവല്‍ക്കാര്‍ക്ക് പേപ്പറല്ലേ പിടിച്ചു വാങ്ങിക്കുവാന്‍ സാധിക്കുക. മനസ്സില്‍ ഉറപ്പിച്ചത് പറിച്ചുമാറ്റുവാന്‍ സാധിക്കില്ലല്ലോ”. ഇതായിരിന്നു അവരുടെ സാക്ഷ്യം. അമേരിക്കയിലെ ക്രൈസ്തവരും ചൈനയിലെ ക്രിസ്ത്യാനികളെപോലെ ആയിതീരണമെന്നതാണ് തന്റെ പ്രാര്‍ത്ഥനയെന്നാണ് പാസ്റ്റര്‍ കോര്‍ഡേയ്റോ പറയുന്നത്. കഴിഞ്ഞ കുറെ ദശകങ്ങളായി ചൈനയിലെ ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2030-ഓടെ ലോകത്തെ ഏറ്റവുമധികം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള രാജ്യമായി ചൈന മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.