Faith And Reason - 2025
'റോക്ക് സ്റ്റാര്‍ പ്രീസ്റ്റ്': ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആത്മാക്കളെ നേടുന്ന വൈദികന്‍
സ്വന്തം ലേഖകന്‍ 17-06-2019 - Monday
കാരക്കാസ്: ആഭ്യന്തര പ്രശ്നങ്ങളിലൂടെ ജീവിതം താറുമാറായ വെനിസ്വേലയില്‍ കത്തോലിക്കാ വൈദികനായ ഫാ. ലൂയിസ് അന്റോണിയോ സലാസര്‍ നടത്തുന്ന സുവിശേഷ ദൌത്യം ശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സുവിശേഷവത്ക്കരണത്തിനായുള്ള തന്റെ ശുശ്രൂഷ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം വ്യാപിപ്പിക്കുന്നത്. കപ്പൂച്ചിന്‍ ഫ്രിയാറായ ഫാ. സലാസറിനേ ഇന്ന് ഫോളോ ചെയ്യുന്നത് മുപ്പതിനായിരത്തിലധികം പേരാണെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത.
ഇന്‍സ്റ്റാഗ്രാം ചാനലില്‍ ദിവ്യകര്‍മ്മങ്ങളും, ഞായറാഴ്ചകളിലെ സുവിശേഷ വിചിന്തനങ്ങളും അടങ്ങുന്ന ഹൃസ്വ വീഡിയോകള്‍ പോസ്റ്റ് ചെയ്യുക മാത്രമല്ല, ആന്തരിക സൗഖ്യം പോലെയുള്ള വിവിധ വിഷയങ്ങളില്‍ പ്രമുഖ സിനിമകളുടെ പരാമര്‍ശങ്ങളോടെയാണ് അദ്ദേഹം വിവരിക്കുന്നത്. ഇത് അനേകരെ സ്വാധീനിക്കുമെന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ശരിവെക്കുകയാണ് നിലവില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ലഭിക്കുന്ന അത്ഭുതപൂര്‍വ്വകമായ പ്രതികരണം. നേരത്തെ വെനിസ്വേലന്‍ സര്‍വൈവല്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായിരുന്ന അദ്ദേഹം റോക്ക് സ്റ്റാര്‍ പ്രീസ്റ്റ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
മൊബൈല്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ‘ലിവിംഗ് ദി ഗോസ്പല്‍’ എന്ന വീഡിയോ പരമ്പര ഓരോ ശനിയാഴ്ചയും ആയിരകണക്കിന് ആളുകളാണ് കാണുന്നത്. ഇതിനെല്ലാം പുറമെ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വായിഡോക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായി തന്റെ പ്രേഷിത മേഖല സമൂഹമാധ്യമത്തിനു അപ്പുറം എത്തിച്ചിരിക്കുകയാണ് ഫാ. സലാസര്‍. "ജനങ്ങള്‍ തെരുവിലാണെങ്കില്‍ നമ്മളും അവരോടൊപ്പം ഉണ്ടാവണം" എന്നാണ് ഫാ. സലാസര്‍ റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.