Faith And Reason - 2025
സത്യം തേടിയുള്ള പ്രൊട്ടസ്റ്റൻറ് കുടുംബത്തിന്റെ യാത്ര എത്തിച്ചേര്‍ന്നത് കത്തോലിക്ക സഭയില്‍
സ്വന്തം ലേഖകന്‍ 15-07-2019 - Monday
പ്രൊട്ടസ്റ്റൻറ് വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച കുടുംബത്തിന്റെ പരിവര്‍ത്തന സാക്ഷ്യം വാർത്തകളിലിടം നേടുന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന ആലിസൺ ഡിവൈൻ എന്ന യുവതിയുടെ കത്തോലിക്ക സഭയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് പ്രീ സ്കൂളിൽ നിന്നാണ്. അവിടെയായിരുന്നു ആലിസൺ ഡിവൈനിന്റെയും, ഭർത്താവായ ജേസണിന്റെയും മകൾ പഠിച്ചിരുന്നത്. തങ്ങളുടെ കുട്ടിയുടെ സഹപാഠിയായ ഒരു പെൺകുട്ടിയുടെ അമ്മയുമായുള്ള ബന്ധമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. കത്തോലിക്ക വിശ്വാസിയായിരുന്ന ആ അമ്മയുടെ പേരും ആലിസൺ എന്നുതന്നെയായിരുന്നു.
പ്രീസ്കൂൾ പിന്നിട്ടപ്പോഴും അവരുടെ ബന്ധം ശക്തമായി തന്നെ തുടർന്നു. ഡിവൈനും, ആലിസണും പല വിഷയങ്ങളെ പറ്റിയും സംസാരിക്കുന്ന കൂട്ടത്തിൽ വിശ്വാസത്തെ പറ്റിയും സംസാരിക്കുമായിരുന്നു. മറ്റുപല വിശ്വാസ ചുറ്റുപാടുകളിൽ നിന്നും വന്ന ചില യുവതികളും ഇവരുടെ സൗഹൃദവലയത്തിന്റെ ഭാഗമായി. എല്ലാവരും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ ശ്രദ്ധിച്ചിരുന്നു. പതിയെ പതിയെ ഡിവൈനും, ആലിസണും കത്തോലിക്കാ വിശ്വാസത്തെ പറ്റിയും, പ്രൊട്ടസ്റ്റൻറ് വിശ്വാസത്തെപ്പറ്റിയും പലപ്പോഴായി സംസാരിക്കാനായി ആരംഭിച്ചു.
ഒരിക്കൽ ഒരു ഹാലോവിൻ ആഘോഷത്തിൽ പങ്കെടുക്കവേ "നമ്മളെല്ലാവരും ഒരിക്കൽ കത്തോലിക്കാ വിശ്വാസികളായി മാറുമെന്ന്" ആലിസൺ, ഡിവൈനിന്റെ ഭർത്താവായ ജേസണിനോട് പറഞ്ഞു. ഡിവൈനും ഭർത്താവും തങ്ങളുടെ പ്രൊട്ടസ്റ്റൻറ് ദേവാലയത്തിൽ നേതൃത്വ പദവികൾ വഹിക്കുമ്പോഴായിരിന്നു ആലിസണിന്റെ ഈ വാക്കുകള്‍. എന്നാൽ ചില പ്രശ്നങ്ങൾ കാരണം അവർ ആ പ്രൊട്ടസ്റ്റൻറ് കൂട്ടായ്മ ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു പ്രൊട്ടസ്റ്റൻറ് സഭയില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അത് അന്തിമമായി നീളുകയായിരിന്നു. സത്യത്തിൽ അടിസ്ഥാനമിട്ട മറ്റൊരു പ്രൊട്ടസ്റ്റൻറ് സഭയ്ക്കായുള്ള അവരുടെ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിന്നു.
ഒരിക്കൽ ഒരു ന്യൂ ഇയർ ദിനത്തിൽ ദേവാലയത്തിൽ പ്രാർത്ഥിച്ച് വർഷം ആരംഭിക്കാം എന്ന ചിന്തയിൽ പ്രൊട്ടസ്റ്റൻറ് ദേവാലയം അന്വേഷിച്ചു നടന്ന ദമ്പതികൾക്ക് തുറന്നിട്ട ഒരു ദേവാലയം പോലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജേസൺ വിവിധ പ്രൊട്ടസ്റ്റൻറ് സഭകളെപ്പറ്റി വിശദമായി പഠിക്കാൻ ആരംഭിക്കുകയായിരിന്നു. ഈ സമയത്താണ് ഡിവൈൻ ഗർഭിണിയായത്. ഇതിനിടയിൽ ജേസൺ തന്റെ പഠനങ്ങൾ തുടർന്നു. ഒരിക്കൽ ഒരു ദിവസം രാത്രിയിൽ ഡിവൈനെ തട്ടിയുണർത്തി തനിക്ക് ആലിസണുമായി സംസാരിക്കണമെന്ന് ജേസൺ പറഞ്ഞു. ഡിവൈൻ ഭർത്താവിന് നമ്പർ നൽകി.
ഇത് അവരുടെ കത്തോലിക്കാസഭയിലേയ്ക്കുളള പ്രവേശനത്തിന്റെ വലിയൊരു വഴിത്തിരിവായിരുന്നു. ജേസൺ കത്തോലിക്കാ സഭയെ പറ്റി കൂടുതൽ വായിക്കാനും അറിയുവാനുമുള്ള ശ്രമം ആരംഭിച്ചു. ആ ആഴ്ച തന്നെ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച ബലിയര്‍പ്പണം കാണാന്‍ അവര്‍ പോയി. തങ്ങൾ തേടിക്കൊണ്ടിരുന്ന സത്യവിശ്വാസം അവിടെയാണെന്ന് അന്നവർക്ക് മനസ്സിലായി. കത്തോലിക്കാസഭയെ പറ്റിയുള്ള ഒരു സ്റ്റഡി ക്ലാസ് ആരംഭിക്കുകയാണെന്ന് അന്ന്‍ ഞായറാഴ്ച അറിയിപ്പിനിടെ വൈദികന്‍ അനൌണ്‍സ് ചെയ്തപ്പോള്‍ ഇത് അവരെ സംബന്ധിച്ചിടത്തോളം യാദൃശ്ചികതയുടെ അപ്പുറത്തായിരിന്നു. അതിൽ പങ്കെടുക്കാൻ ദമ്പതികൾ തീരുമാനിച്ചു.
കേവലം രണ്ടു ക്ലാസുകൾ കൊണ്ടുതന്നെ സഭയുടെ പഠനങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്കെല്ലാം അവർക്ക് ഉത്തരം കിട്ടി, മിഥ്യാധാരണകള്‍ മാറി. അതിനിടയിൽ ഡിവൈൻ തന്റെ കുട്ടിക്ക് ജന്മം നൽകി. ആശുപത്രിയില്‍ വന്ന്‍ ഒരു കത്തോലിക്കാ വൈദികൻ കുട്ടിയെ അനുഗ്രഹിച്ചു. ആശുപത്രി വിട്ടതിനുശേഷം ഡിവൈൻ സ്ഥിരമായി ദേവാലയത്തിൽ ദിവ്യബലിക്ക് പോകാൻ തുടങ്ങി. പിന്നീട് സഭയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായുള്ള"റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ" കോഴ്സിൽ ചേരുകയും കഴിഞ്ഞ ഏപ്രിൽ മാസം ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ സഭയിൽ അംഗങ്ങളാകുകയുമായിരിന്നു.
ഇവരുടെ ഈ ശക്തമായ തീരുമാനം മൂലം ഒരുപാട് പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കള്‍ പിരിഞ്ഞുപോയെങ്കിലും അതൊന്നും അവർ കാര്യമാക്കിയില്ല. കത്തോലിക്ക സഭ നിരന്തരം മാധ്യമങ്ങളാൽ ആക്രമിക്കപ്പെടുന്നതു കത്തോലിക്കാ സഭ സത്യസഭയാണെന്നതിന്റെ അടയാളമാണെന്നു ഡിവൈൻ പറയുന്നു. ഇന്ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു പരിശുദ്ധ കത്തോലിക്ക സഭയോടു ചേര്‍ന്ന് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണ് ആലിസൺ- ജേസണ്‍ കുടുംബം.