India

ക്രൈസ്തവ പീഡനം നടക്കുന്ന ഒഡീഷയിൽ പുതിയ രൂപതയ്ക്ക് മാര്‍പാപ്പയുടെ അനുമതി.

സ്വന്തം ലേഖകന്‍ 12-04-2016 - Tuesday

വത്തിക്കാന്‍: ഇന്ത്യയിലെ കിഴക്കുഭാഗത്തെ സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയിൽ പുതിയ രൂപതയ്ക്കു അനുമതി നല്കി കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വിൻസെൻഷ്യൻ സഭയുടെ നൊവീസ് മാസ്റ്ററായ ഫാദർ അപ്ലീനർ സേനാപതിയെ രൂപതയിലെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്തു. പടിഞ്ഞാറൻ ഒഡീഷയിലെ ബെരാംപ്പൂർ രൂപത വിഭജിച്ചാണ് പുതിയ രൂപതയായ രായഗഡ സ്ഥാപിച്ചത്. രായഗഡ ഇന്ത്യയിലെ 171 -മത്തെയും ഒഡീഷയിലെ 6-മത്തെയും രൂപതയാണ്. പുതിയ രൂപത കട്ടക്ക് -ബുവനേശ്വർ അതിരൂപതയുടെ കീഴിലാണ് പ്രവർത്തിക്കുക.

2008-ൽ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ നടന്ന സംസ്ഥാനമാണ് ഒഡീഷ. ഒഡിഷയുടെ വിവിധ പ്രദേശങ്ങളിലെ ക്രൈസ്തവരുടെ അരക്ഷിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. കലഹന്ദി, കൊരാപ്പട്ട്, മൽക്കാൻഗിരി, നബരംഗ്പൂർ, ന്യുപദ്, രായഗഡ എന്നീ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപത 39,368 ചതുരശ്ര കി.മീ വിസ്തൃതിയുള്ളതാണ്. 54 ലക്ഷം ജനസംഖ്യയുള്ള ഈ പ്രദേശത്ത് ക്രൈസ്തവ ജനസംഖ്യ 50542 മാത്രമാണ്.

എന്നാൽ വിദ്യാഭ്യാസ- സാമ്പത്തിക നിലവാരം വളരെ താഴ്ന്ന നിലയിലുള്ള ജനങ്ങളുടെയിടയിൽ, വിദ്യാഭ്യാസം ആതുര പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വലിയൊരളവിൽ നേതൃത്വം നൽകിപ്പോരുന്നത് ന്യൂനപക്ഷമായ ക്രൈസ്തവരുടെ സ്ഥാപനങ്ങളാണ്. രായഗഡ രൂപതയിൽ സഭയ്ക്ക് 23 ഇടവകകളും 377 മിഷൻ കേന്ദ്രങ്ങളുമുണ്ട്. 50 പുരോഹിതരും 100-ന് മുകളിൽ കന്യാസ്ത്രീകളും 270 മതാദ്ധ്യാപകരും രൂപതയിൽ സേവനമനുഷ്ഠിക്കുന്നു. എട്ട് സെമിനാരികളും 25 കന്യാസ്ത്രീ മഠങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പുതിയ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന ഫാദർ അപ്ലീനർ സേനാപതി, 2014 മുതൽ അസ്സമിലെ ഗ്വെഹാട്ടി അതിരൂപതയിൽ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. 1960 ഒക്ടോബർ 28-ന് ബെരാംപ്പൂർ രൂപതയിലെ ഡാസ്റ്റേലിൻഞ്ചിയിൽ നാർസീസ് സേനാപതി-റോസ് മേരി ദമ്പതികളുടെ ആറു മക്കളിൽ ഒരാളായാണ് നിയുക്ത മെത്രാൻ ജനിച്ചത്. അദ്ദേഹത്തിന്റെ ഒരു സഹോദരി കന്യാസ്ത്രീയാണ്. 1984-ൽ അദ്ദേഹം വിൻസെൻഷ്യൻ സഭയിലെ 'Congregation of Missions' -ൽ ചേർന്നു. തുടർന്ന് അക്വിനാസ് കോളേജ്, പൂനയിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി, 1990-ൽ തിരുപട്ടം സ്വീകരിച്ചു. ഇക്കണോമിക്സിലും ഫിലോസഫിയിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സൈക്കോളജിയിലും സാമൂഹ്യ സേവനത്തിലും ഡിപ്ലോമ, മതബോധനത്തിൽ പരിശീലനം എന്നിവയും കൈവരിച്ചു.

വൊക്കേഷൻ പ്രമോട്ടർ, ബെരാംപ്പൂർ രൂപതയിലെ ധ്യാനപ്രസംഗ പരിശീലനത്തിന്റെ അസി.ഡയറക്ടർ, മരിയൻ യൂത്തിന്റെ ഡയറക്ടർ എന്നീ നിലകളിൽ നിയുക്ത മെത്രാന്‍ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒഡിയയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

"സാധാരണക്കാരുടെ ജീവിതം അടുത്തറിഞ്ഞിട്ടുള്ള ഒരു മെത്രാനെയാണ് രായഗഡ രൂപതയ്ക്ക് ലഭിക്കുന്നത്" ബെരാംപ്പൂർ രൂപതയിലെ വിൻസെൻഷ്യൻ ഫാദർ ഫ്രാൻസിസ് പുത്തൻത്തയ്യിൽ പറയുന്നു. "നിയുക്ത മെത്രാന് ഒഡീഷയിലെ ചവിട്ടി മെതിക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ കഴിയുമെന്ന്"ഫാദർ അജയ് കുമാർ സിംഗ് അഭിപ്രായപ്പെട്ടു.

More Archives >>

Page 1 of 4