India - 2025

എല്‍സിയുടെ സ്നേഹവും കരുതലും.

സ്വന്തം ലേഖകന്‍ 06-04-2016 - Wednesday

2003 സെപ്തംബര്‍2, മകന്‍റെ പിറന്നാളാഘോഷത്തിന് പകരം തെരുവിന്റെ മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്കിയാലോ..എല്‍സിയുടെ ചിന്ത പങ്ക് വെച്ചപ്പോള്‍ ഭര്‍ത്താവ് സാബുവിനും മക്കള്‍ അമലിനും എയ്ഞ്ചലിനും പൂര്‍ണ്ണ സമ്മതം. കുടുംബസമേതം അന്നേ ദിവസം 25 പേര്‍ക്ക് ഇഡ്ഡലിയും സാമ്പാറും നല്കി. സമൂഹത്തിലെ വിശപ്പിന്റെ നേര്‍ക്കാഴ്ച മക്കളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച ഭക്ഷണ വിതരണം ആ ഒരു ദിവസം കൊണ്ട് എല്‍സി ഉപേക്ഷിച്ചില്ല. ഏല്‍സി മുന്നിട്ടിറങ്ങിയപ്പോള്‍ മറ്റുള്ളവരും സഹായത്തിനെത്തി. സഹായത്തിനാളുകളേറിയപ്പോള്‍ എല്‍സിയുടെ കാരുണ്യപ്രവര്‍ത്തനം തെരുവോരങ്ങളിലേക്കും അഗതി മന്ദിരങ്ങളിലേക്കും അനാഥാലയങ്ങളിലേക്കുമെത്തി.

മേരി ഡേവിസും ബിന്ദു ജെയ്സണും ടോമിയും സഹായത്തിനെത്തിയതോടെ നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ ദിവസം തെറ്റാതെ, സമയം തെറ്റാതെ ഭക്ഷണപൊതികളെത്തും. ഇതേ കാലയളവില്‍ തന്നെയാണ് എല്‍സി സാബുവിന്‍റെ നേതൃത്വത്തില്‍ ലവ് ആന്‍ഡ് കെയര്‍ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിനു തുടക്കമായത്. സെന്‍റ് ആല്‍ബര്‍ട്ട്സ്, മഹാരാജാസ്, തൃക്കാക്കര ഭാരതമാതാ കോളേജ്, തേവര എസ്‌.എച്ച്, രാജഗിരി എന്നീ കോളേജുകള്‍ക്ക് പുറമെ ഹൈകോടതിയും എല്‍സിയുമായി സഹകരിച്ചാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, എല്‍‌ഐ‌സി-കള്‍, സ്കൂളുകള്‍, കോളേജുകള്‍, ഹൈക്കോടതി, സെന്‍ട്രല്‍ എക്സൈസ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ സഹകരണവും എല്‍സിക്ക് ലഭിക്കുന്നുണ്ട്.

2007 ഒക്ടോബര്‍ 19 മുതല്‍ ഹൈക്കോടതി ജീവനക്കാരും പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഹൈക്കോടതിയിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ ഭക്ഷണ വിതരണത്തിന് ക്രമീകരണമൊരുക്കും. ലവ് ആന്‍ഡ് കെയര്‍ പ്രവര്‍ത്തകരാണ് കോടതിയില്‍ നിന്ന് അര്‍ഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പൊതിച്ചോറുകള്‍ എത്തിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന്‍ ഏകദേശം 180000 ത്തിലധികം ഭക്ഷണപൊതികള്‍ കൈമാറി കഴിഞ്ഞു.

More Archives >>

Page 1 of 3