Seasonal Reflections - 2026

ദൈവരാജ്യത്തിന് നമ്മെ അനുയോജ്യരാക്കുന്ന മരുഭൂമി അനുഭവങ്ങൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 02

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 17-02-2026 - Tuesday

"ഈശോയെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു" (മത്തായി 4:1).

നമ്മുടെ ആത്മീയ ജീവിതത്തിൽ ആഴമേറിയ വെളിച്ചം വീശുന്ന വചനമാണിത്.മാമ്മോദീസയ്ക്ക് തൊട്ടുപിന്നാലെ ലഭിച്ച ആത്മാവിൻ്റെ പ്രേരണ, ദൈവപുത്രന്‍റെ പരസ്യജീവിതത്തിനായുള്ള ഒരുക്കമായിരുന്നു. ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ മരുഭൂമി വാസം ഇസ്രായേൽ ജനത മരുഭൂമിയിൽ അനുഭവിച്ച പരീക്ഷണങ്ങളുടെ പുനരാവിഷ്കാരവും വിജയവുമാണ് (CCC 538-540). പുതിയ ആദമായ ഈശോ, പഴയ ആദത്തിന് വീഴ്ച പറ്റിയ ഇടങ്ങളിൽ വിജയം വരിച്ചുകൊണ്ട് മനുഷ്യവർഗത്തെ വീണ്ടെടുക്കുന്നു.

വി. ജോൺ ക്രിസോസ്തം പറയുന്നു: "നിങ്ങളെ പരീക്ഷിക്കാൻ ദൈവം പിശാചിനെ അനുവദിക്കുന്നത് നിങ്ങളുടെ ആത്മീയ ശക്തി എത്രത്തോളമുണ്ടെന്ന് നിങ്ങൾക്കുതന്നെ വെളിപ്പെടുത്തിത്തരാനാണ്". ഈശോ പരീക്ഷിക്കപ്പെട്ടത് നമുക്ക് പരീക്ഷണങ്ങളെ എങ്ങനെ നേരിടണമെന്ന് കാണിച്ചുതരാനായിരുന്നു. മരുഭൂമിയിലെ ഈശോയുടെ പരീക്ഷണത്തെപ്പറ്റി സഭാ പിതാവായ വി. ആഗസ്‌തീനോസിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്,"ഈശോ നമ്മുടെ ഭാഗത്തുനിന്ന് പരീക്ഷിക്കപ്പെട്ടു; എന്നാൽ അവിടുന്ന് നമുക്കായി വിജയം നേടുകയും ചെയ്തു."

നമ്മുടെ പ്രലോഭനങ്ങളിൽ ഈശോയുടെ സഹായം ഉറപ്പാക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. മനുഷ്യജീവിതം ഭൂമിയിൽ ഒരു സമരമാണ്; വിശുദ്ധി കൂടുന്തോറും പരീക്ഷണങ്ങളും വർദ്ധിച്ചേക്കാം, കാരണം വിശുദ്ധരുടെ വീഴ്ചയാണ് സാത്താൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്ന മഹത്‌ വചനം ഈ നോമ്പ്കാലത്ത് നമ്മുക്ക് മറക്കാതിരിക്കാം.

മരുഭൂമി എന്നത് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ഇടമാണ്. അവിടെയാണ് ദൈവത്തിൻ്റെ സ്വരം കൂടുതൽ വ്യക്തമായി കേൾക്കാൻ കഴിയുക. ഇന്നത്തെ ശബ്ദായമാനമായ ലോകത്ത്, ആത്മാവ് നമ്മെ നയിക്കുന്നത് നമ്മുടെ ആന്തരിക മരുഭൂമിയിലേക്കാണ്. അവിടെ ലോകത്തിൻ്റെ മോഹങ്ങളെ വെടിഞ്ഞ് ദൈവത്തോട് അടുക്കാൻ നമുക്ക് സാധിക്കണം.ആത്മീയ ഉയർച്ചയ്ക്ക് പിന്നാലെ പരീക്ഷണങ്ങൾ ഉണ്ടാകാം. എന്നാൽ ആത്മാവ് നമ്മെ നയിക്കുന്നത് നമ്മെ തകർക്കാനല്ല, മറിച്ച് ദൈവരാജ്യത്തിന് അനുയോജ്യരായ ശുശ്രൂഷകരായി ഒരുക്കാനാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »