Seasonal Reflections - 2026

വാക്കുകൾക്കു വില നൽകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 10

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 25-02-2026 - Wednesday

"സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരും" (മത്തായി 5:22).

ഈ വചനത്തിൽ 'ഭോഷൻ' എന്നതിന് ഉപയോഗിച്ചിരിക്കുന്ന മൂലപദം 'മോറെ' (Moreh) എന്നാണ്. ഇതിനർത്ഥം ബുദ്ധിശൂന്യൻ എന്ന് മാത്രമല്ല, ദൈവഭയമില്ലാത്തവൻ അല്ലെങ്കിൽ ആത്മീയമായി മരിച്ചവൻ എന്നൊക്കെയാണ്. ഒരാളെ 'ഭോഷൻ' എന്ന് വിളിക്കുമ്പോൾ നാം അയാളുടെ അന്തസ്സിനെയും ദൈവച്ഛായയെയും നിഷേധിക്കുകയാണ് ചെയ്യുന്നത്.

വിശുദ്ധ ജോൺ ക്രിസോസ്തം ഇപ്രകാരം പഠിപ്പിക്കുന്നു: "ദൈവം സൃഷ്ടിച്ച ഒരു വ്യക്തിയെ നാം നിസ്സാരനായി കാണുമ്പോൾ, അത് ആ സ്രഷ്ടാവിനെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണ്." ശാരീരികമായ കൊലപാതകത്തേക്കാൾ ആഴത്തിൽ ഒരാളുടെ ആത്മാവിനെ മുറിപ്പെടുത്താൻ വാക്കിന് സാധിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു.

സഭാപിതാവായ വിശുദ്ധ ആഗസ്തീനോസ് വ്യക്തമാക്കുന്നത്- കോപം ഹൃദയത്തിൽ മുളപൊട്ടുന്ന പാപമാണെങ്കിൽ, 'ഭോഷാ' എന്ന വിളി ആ കോപം പുറത്തേക്ക് പ്രവഹിക്കുന്നതിന്റെ അടയാളമാണ് എന്നാണ്. ഇത് സഹോദരനെ പുച്ഛിക്കുന്ന അവസ്ഥയാണ്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ എട്ടാം പ്രമാണത്തിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്. മറ്റൊരാളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നതും അവഹേളിക്കുന്നതും സ്നേഹത്തിന് വിരുദ്ധമായ വലിയ പാപമാണ് (CCC 2477-2479). സഹോദരന്റെ അന്തസ്സിനെ നശിപ്പിക്കുന്ന വാക്കാലുള്ള ആക്രമണങ്ങൾ ആത്മീയ മരണത്തിന് കാരണമാകുന്നു.

ഫ്രാൻസിസ് മാർപാപ്പ പ്രഭാഷണങ്ങളിൽ പലപ്പോഴും "നാവ് കൊണ്ടുള്ള കൊലപാതകത്തെ" (Murder with the tongue) കുറിച്ച് സംസാരിക്കാറുണ്ട്. മറ്റൊരാളെ നിസ്സാരവൽക്കരിക്കുന്നതും പരിഹസിക്കുന്നതും ക്രിസ്തീയ വിരുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. "ഒരാളെ നാം 'ഭോഷൻ' എന്ന് വിളിക്കുമ്പോൾ, അയാളെ കൊല്ലാനുള്ള ആദ്യത്തെ പടിയാണത്" എന്ന് പാപ്പ പ്രസ്താവിച്ചിട്ടുണ്ട്.വിശുദ്ധ ജോൺ പോൾ രണ്ടാമൻ: 'സമാധാനത്തിന്റെ സുവിശേഷം' എന്ന സന്ദേശത്തിൽ, വാക്കുകൾ സമാധാനം തകർക്കുന്ന ആയുധങ്ങളാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കൽക്കത്തയിലെ വി. മദർ തെരേസ: "മൂർച്ചയുള്ള വാക്കുകൾ തോക്കിന്റെ ഉണ്ടകളേക്കാൾ മുറിവേൽപ്പിക്കും" എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് നാം ജീവിക്കുന്നത് വാക്കുകൾക്ക് വിലകുറഞ്ഞ ഒരു കാലത്താണ്. സോഷ്യൽ മീഡിയയിലെ കമന്റുകളിലും ചർച്ചകളിലും നാം മറ്റുള്ളവരെ എളുപ്പത്തിൽ 'ഭോഷൻ' എന്ന് മുദ്രകുത്തുന്നു. എന്നാൽ ഈശോയ്ക്ക് ഇത് നിസ്സാര കാര്യമല്ല. വാക്കിന്റെ ശക്തി നമ്മൾ തിരിച്ചറിയണം. ദൈവം ലോകത്തെ സൃഷ്ടിച്ചത് വാക്ക് കൊണ്ടാണ്. നമ്മുടെ നാവുകൾ ദൈവത്തെ സ്തുതിക്കാനും സഹോദരനെ അനുഗ്രഹിക്കാനും മാത്രമുള്ളതാകട്ടെ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »