News

ലെയോ പാപ്പയെ സ്വീകരിച്ച് അംഗോള

പ്രവാചകശബ്ദം 19-04-2026 - Sunday

ലുവാണ്ട: കാമറൂണിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ അംഗോളയിലെത്തി ചേര്‍ന്നു. ഇന്നലെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ യൗണ്ടെ-വില്ലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഏകദേശം 200,000 ആളുകളോടൊപ്പം അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം പരിശുദ്ധ പിതാവ് യൗണ്ടെ-എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു അംഗോളയിലേക്ക് യാത്ര തിരിച്ചു. ലുവാണ്ടയിലെ 4 ഡി ഫെവെറിറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്കു രാഷ്ട്ര പ്രതിനിധികളും സഭാനേതൃത്വവും ചേര്‍ന്നു സ്വീകരിച്ചു.

അംഗോള റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ജോവോ ലോറെൻസോയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് യാത്രയായി. പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്യാൻ തെരുവുകളിൽ വന്‍ ജനക്കൂട്ടം അണിനിരന്നിരിന്നു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അംഗോളയുടെ അധികാരികളെയും, സിവിൽ പ്രതിനിധികളെയും, നയതന്ത്ര സേന പ്രതിനിധികളെയും പരിചയപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർപാപ്പ ലുവാണ്ടയിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിലേക്ക് യാത്രയായി. അവിടെ അംഗോളയിലെ ബിഷപ്പുമാരുമായി മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി.

ഇന്നു ഏപ്രിൽ 19 ഞായറാഴ്ച, ലെയോ മാർപാപ്പ അടുത്തുള്ള നഗരമായ കിലാംബയിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ മുക്സിമ പട്ടണത്തിലേക്ക് പോകും. അവിടെ മരിയൻ ദേവാലയമായ മാമാ മുക്സിമയിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ഇതിന് പിന്നാലെ സന്ദേശം നല്‍കും. നാളെ ഏപ്രിൽ 20 തിങ്കളാഴ്ച, മാർപാപ്പ വടക്കുകിഴക്കൻ പട്ടണമായ സൗറിമോയില്‍ സന്ദര്‍ശനം നടത്തും. 21നാണ് പാപ്പയുടെ അംഗോള സന്ദര്‍ശനത്തിന് സമാപനമാകുക.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »