News - 2026
നൂറിലധികം പേര്‍ കൊല്ലപ്പെട്ടു, 217 പള്ളികൾ നശിപ്പിക്കപ്പെട്ടു; 9 മാസത്തിനിടെ നേരിട്ട വെല്ലുവിളി വിവരിച്ച് നൈജീരിയന്‍ രൂപത
പ്രവാചകശബ്ദം 12-05-2026 - Tuesday
തരാബ: നൈജീരിയയിലെ തരാബ സംസ്ഥാനത്തെ വുകാരി കത്തോലിക്കാ രൂപതയില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ അരങ്ങേറിയത് സമാനതകളില്ലാത്ത ആക്രമണം. 2025 സെപ്റ്റംബർ മുതൽ ഇതുവരെ രൂപത പരിധിയില്‍ നൂറിലധികം പേർക്കാണ് വിവിധ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ട്ടമായത്. 217 ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും അക്രമ സംഭവങ്ങളെ തുടര്‍ന്നു ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി രൂപത കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
തെക്കൻ തരാബയിലുടനീളം, പ്രത്യേകിച്ച് തകും, ഡോംഗ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും യാങ്തു മേഖലയിലും സായുധ കുറ്റവാളികളുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി ബിഷപ്പ് മാർക്ക് നുസുക്‌വെയ്ൻ വെളിപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച നടന്ന മെത്രാന്മാരുടെ മൂന്നാമത്തെ ജനറല്‍ അസംബ്ലിയ്ക്കു പിന്നാലെയാണ് രൂപത നേരിടുന്ന വെല്ലുവിളി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രൂപതയുടെ രേഖകൾ പ്രകാരം 16 വൈദികർ ഉൾപ്പെടെ 98,000-ത്തിലധികം ആളുകളെയാണ് ഇതിനോടകം മാറ്റിപ്പാർപ്പിച്ചതെന്നും 217 ക്രൈസ്തവ ദേവാലയങ്ങള്‍ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
എട്ട് വൈദികരുടെ മന്ദിരങ്ങളും നശിപ്പിക്കപ്പെട്ടു, നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ ഭൂമി കൈയേറ്റങ്ങൾ വർദ്ധിച്ചുവരുന്നതായും രൂപത വെളിപ്പെടുത്തി. കുടിയിറക്കപ്പെട്ടവരുടെ പൂർവ്വിക ഭൂമി കുറ്റവാളികൾ കൈയടക്കുകയാണ്. പ്രദേശത്തെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഫെഡറൽ സർക്കാരും സുരക്ഷാ ഏജൻസികളും മുൻകൈയെടുക്കണമെന്നും കുടിയിറക്കപ്പെട്ടവർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ നടപടികൾ സ്വീകരിക്കാൻ എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും രൂപത നേതൃത്വം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ക്രൈസ്തവ വിരുദ്ധ പീഡനംകൊണ്ട് പൊറുതി മുട്ടിയ രാജ്യമാണ് നൈജീരിയ.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















