News

'ദൈവത്തിനു കീഴിൽ ഒരു രാജ്യം': അമേരിക്കയെ ദൈവത്തിന് സമര്‍പ്പിച്ച് ഭരണകൂടം

പ്രവാചകശബ്ദം 18-05-2026 - Monday

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തിന് മുന്നോടിയായി അമേരിക്കയെ ദൈവത്തിന് പുനര്‍സമർപ്പിച്ച് യുഎസ് ഭരണ നേതാക്കളും ക്രൈസ്തവ പ്രതിനിധികളും. 250-ാം വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ മെയ് 17-ന് വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നടന്ന മാരത്തൺ എക്യുമെനിക്കൽ പ്രാർത്ഥനയിലും സമ്മേളനത്തിലും പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. "റീഡഡിക്കേറ്റ് 250" എന്ന പേരിലുള്ള പരിപാടി സംഘടിപ്പിച്ചത്.

കത്തോലിക്ക വിശ്വാസികളും ഭരണസിരാകേന്ദ്രത്തിലെ നേതാക്കളുമായ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിന്നു പ്രാര്‍ത്ഥന. കർദ്ദിനാൾ തിമോത്തി ഡോളൻ, ബിഷപ്പ് റോബർട്ട് ബാരൺ, ദി ചോസൺ എന്ന ടെലിവിഷൻ പരമ്പരയിൽ യേശുവിനെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ നടൻ ജോനാഥൻ റൂമി എന്നിവരും ഇന്നലെ നടന്ന പരിപാടിയില്‍ സംബന്ധിച്ചു.

യു‌എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും, സംഘാടകർ മുമ്പ് റെക്കോർഡുചെയ്‌ത ഒരു വീഡിയോ സന്ദേശം പരിപാടിയ്ക്കിടെ പ്രദര്‍ശിപ്പിച്ചു. "എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും" (2 ദിനവൃത്താന്തം 7:14) എന്ന ഭാഗം വായിച്ചുക്കൊണ്ടായിരിന്നു പ്രസിഡന്റിന്റെ സന്ദേശം.

ദൈവവിശ്വാസം അമേരിക്കൻ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് കർദിനാൾ ഡോളൻ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഓരോ അധ്യായത്തിലും ദൈവത്തിലുള്ള നമ്മുടെ വിശ്വാസമാണ് നമ്മുടെ മഹത്വത്തിന്റെ അടിസ്ഥാനമെന്നു കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. യഥാർത്ഥ ദേശസ്നേഹികളാകുന്നതിന് മുമ്പ് പൗരന്മാർ ആദ്യം സ്വയം ദൈവമക്കളായി തിരിച്ചറിയണമെന്ന് അമേരിക്കയുടെ സ്ഥാപകർ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജൂൺ 12 ന് അമേരിക്കയിലെ കത്തോലിക്ക ബിഷപ്പുമാർ യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ സമർപ്പിക്കുമെന്നും ചടങ്ങിനിടെ കർദ്ദിനാൾ ഡോളൻ പ്രഖ്യാപിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »