News
ആറുവർഷം മുൻപ് വരെ നിരീശ്വരവാദി; ഇന്ന് രാജ്യത്തിനായി ദേവാലയങ്ങളിൽ പ്രാർത്ഥനയുമായി കൊളംബിയയുടെ നിയുക്ത പ്രസിഡന്റ്
പ്രവാചകശബ്ദം 30-06-2026 - Tuesday
ബൊഗോട്ട: രാജ്യത്തെ ദൈവീക സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുന്നതിന്റെ ഭാഗമായി കൊളംബിയയിലെ വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനവും പ്രാര്‍ത്ഥനയുമായി നിയുക്ത പ്രസിഡന്‍റ് അബെലാർഡോ ഡി ലാ എസ്പ്രിയേല. ജൂൺ 26നാണ് അദ്ദേഹം വിവിധ കത്തോലിക്ക ദേവാലയങ്ങൾ സന്ദർശിക്കാൻ തുടങ്ങിയത്. "കൃതജ്ഞത പ്രകാശിപ്പിക്കാനുള്ള യാത്ര" എന്നും "മാതൃരാജ്യത്തിനായുള്ള പ്രത്യാശയുടെ തീർത്ഥാടനം" എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ആദ്യ ഘട്ടത്തിൽ രാജ്യത്തെ പ്രസിദ്ധമായ എൽ മോറോ ദേവാലയം സന്ദർശിച്ചപ്പോള്‍ തന്റെ ജീവിതവും സേവനവും രാജ്യത്തെ മുഴുവനും ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ സമർപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരിന്നു. ഔവർ ലേഡി ഓഫ് ദി റെമഡീസ് കത്തീഡ്രൽ ദേവാലയം, സുക്രെയിലെ മൈനർ ബസിലിക്ക തുടങ്ങിയ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തി പ്രാർത്ഥിച്ചതായും ഡി ലാ എസ്പ്രിയേല പറഞ്ഞു. കൊളംബിയയുടെ സുരക്ഷയ്ക്കും സമാധാനത്തിനും സുരക്ഷാ സേനയ്ക്കും ഓരോ കൊളംബിയൻ കുടുംബത്തിന്റെയും സംരക്ഷണത്തിനും വേണ്ടി അദ്ദേഹം ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയതായി അധികൃതര്‍ അറിയിച്ചു.
'ഡിഫൻഡേഴ്‌സ് ഓഫ് ദി ഹോംലാൻഡ്' പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഡി ലാ എസ്പ്രിയല്ല. ഒരു ജനത അവരുടെ വിധി ദൈവത്തിന്റെ കരങ്ങളില്‍ ഏൽപ്പിക്കുമ്പോൾ, അത് എല്ലായ്പ്പോഴും പ്രത്യാശ കണ്ടെത്തുന്നു എന്ന ബോധ്യത്തോടെ സഞ്ചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പില്‍ക്കാലത്ത് നിരീശ്വരവാദിയായിരിന്ന വ്യക്തിയാണ് ഡി ലാ എസ്പ്രിയല്ല. ആറ് വര്‍ഷം മുന്‍പ് അദ്ദേഹത്തിന് വളരെ അടുപ്പമുള്ള ഒരാളുടെ ആകസ്മിക മരണം ദൈവത്തെ കണ്ടുമുട്ടുന്നതിലേക്ക് നയിക്കുകയായിരിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















