News

"ക്രൈസ്തവര്‍ കാഫിറുകള്‍, വോട്ട് ഇസ്ലാം മതസ്ഥര്‍ക്ക് നല്‍കണം": ഇസ്ലാം മതപണ്ഡിതന്റെ പരാമര്‍ശത്തിനെതിരെ കർദ്ദിനാൾ

പ്രവാചകശബ്ദം 22-08-2026 - Saturday

അബൂജ: നൈജീരിയയിലെ ക്രൈസ്തവരെ 'അവിശ്വാസികൾ' അഥവാ 'കാഫിറുകൾ' എന്ന് വിശേഷിപ്പിച്ച മുസ്‌ലിം മതപണ്ഡിതന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അബൂജയിലെ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോൺ ഒനൈയേക്കൻ. നൈജീരിയൻ ഭരണഘടന നൽകുന്ന തുല്യാവകാശങ്ങളും മതസ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തെ ക്രൈസ്തവരെ അവിശ്വാസികളായി ചിത്രീകരിക്കുന്ന പ്രസംഗങ്ങളും പരാമർശങ്ങളും മതസൗഹാർദ്ദത്തെ തകർക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

നൈജീരിയ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് മാത്രമുള്ള രാജ്യമല്ലെന്നും, എല്ലാ പൗരന്മാർക്കും ഭരണഘടന തുല്യ അവകാശവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വടക്കൻ നൈജീരിയയിലടക്കം വർദ്ധിച്ചുവരുന്ന മതപരമായ അക്രമങ്ങളുടെയും സമുദായങ്ങൾ തമ്മിലുള്ള ഭിന്നതയുടെയും പശ്ചാത്തലത്തിൽ, പരസ്പര ബഹുമാനവും സമാധാനപരമായ സഹവർത്തിത്വവുമാണ് രാജ്യത്തിന് ആവശ്യം. മത നേതാക്കൾ തങ്ങളുടെ അനുയായികളെ വിദ്വേഷവും അസഹിഷ്ണുതയും പഠിപ്പിക്കുന്നതിന് പകരം സമാധാനത്തിന്റെയും ഒത്തൊരുമയുടെയും പാതയിലൂടെ നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിഷയത്തില്‍ ഭരണകക്ഷിയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ക്രിസ്ത്യൻ രാഷ്ട്രീയക്കാരുടെ അഭിപ്രായം കേൾക്കാൻ തനിക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്നും കർദ്ദിനാൾ ഒനയേക്കൻ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നു വടക്കൻ നൈജീരിയയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ഷെയ്ഖ് മുഹമ്മദു സാനി യഹായ ജിംഗിറാണ് ക്രിസ്ത്യാനികളെയും മറ്റ് അമുസ്‌ലിംകളെയും "അവിശ്വാസികൾ" എന്ന് വിശേഷിപ്പിച്ചത്. മുസ്‌ലിം രാഷ്ട്രീയ ആധിപത്യം നിലനിർത്താൻ ഇസ്ലാം മത സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്യാന്‍ ഇസ്ലാം മതപണ്ഡിതന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തതോടെ ഏറെ വിവാദമായി.

എണ്ണത്തില്‍ നമ്മുടെ എണ്ണം വളരെ കൂടുതലാണെന്ന് അവിശ്വാസികളുടെ മുന്നില്‍ തെളിയിക്കാന്‍ വോട്ട് ചെയ്യണമെന്നും ഇയാള്‍ ഇസ്ലാം മതസ്ഥരോട് ആവശ്യപ്പെട്ടിരിന്നു. മുൻപ് ക്രൈസ്തവ, ഇസ്ലാം വിഭാഗങ്ങളിൽനിന്നുള്ളവർ മാറിമാറി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നുവെങ്കിൽ, നിലവിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവരാണ്. 2027-ലെ പൊതുതെരഞ്ഞെടുപ്പില്‍ തുല്യ പങ്കാളിത്തം വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനിടെയാണ് മുസ്ലിം പണ്ഡിതന്റെ വിദ്വേഷ പ്രചരണം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️