India - 2025
ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കം അപലപനീയം: തലശ്ശേരി അതിരൂപത
സ്വന്തം ലേഖകന് 05-03-2017 - Sunday
തലശേരി: കൊട്ടിയൂരിൽ വൈദികൻ ബാലികയെ പീഡിപ്പിച്ച കേസിന്റെ മറവിൽ ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കം അപലപനീയമെന്ന് തലശേരി അതിരൂപത. മാധ്യമങ്ങളുടെ ഭാവനാനിർമിതമായ കഥകൾക്കനുസൃതമായി അന്വേഷണ ഉദ്യോഗസ്ഥർ വഴിതെറ്റിക്കപ്പെടുന്നതു നിർഭാഗ്യകരമാണ്. നിയമപരമായ എല്ലാ അന്വേഷണങ്ങളോടും ഏറ്റവും തുറവിയോടെ സഹകരിക്കുന്ന സഭാസ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ അന്വേഷണ ഉദ്യോഗസ്ഥർ അവസരം സൃഷ്ടിക്കരുതെന്നും തലശേരി അതിരൂപത ആവശ്യപ്പെട്ടു.
പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഒരു സ്ത്രീക്ക് അടിയന്തര വൈദ്യസഹായം നൽകിയത് ക്രിമിനൽ കുറ്റമായി വ്യാഖ്യാനിക്കാനുള്ള ശ്രമം തികച്ചും യുക്തിരഹിതമാണ്. ആരോപണവിധേയമായ സംഭവത്തിലെ പെൺകുട്ടി കൂത്തുപറന്പ് ക്രിസ്തുരാജ ഹോസ്പിറ്റലിൽ എത്തിയത് മറ്റൊരു ആശുപത്രിയിൽ നിന്ന് റഫർ ചെയ്തതു പ്രകാരമാണ്. ഈ കുറിപ്പിൽ കുട്ടി പ്രായപൂർത്തിയായതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത കുറിപ്പു പ്രകാരം കുട്ടിയെ ചികിത്സിച്ച ക്രിസ്തുരാജ ആശുപത്രിയെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന്റെ ലക്ഷ്യം നിഗൂഢമാണ്.
പ്രസ്തുത പ്രസവവിവരം പോലീസിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലോ റിപ്പോർട്ട് ചെയ്തില്ല എന്നതും അടിസ്ഥാനരഹിതമാണ്. പ്രായപൂർത്തിയായ സ്ത്രീയുടെ പ്രസവം പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ട ക്രിമിനൽ കുറ്റമല്ലല്ലോ. ചൈൽഡ് ലൈൻ പ്രവർത്തകരിൽനിന്നാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന വിവരം ആശുപത്രി അറിയുന്നത്. ഹോസ്പിറ്റലിൽ നൽകിയ പ്രായവിവരം തെറ്റാണെന്ന് അറിഞ്ഞയുടനെ ചൈൽഡ് ലൈനിലേക്കും പോലീസിലേക്കും ആവശ്യമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.
ആരോപണവിധേയൻ വൈദികനായതിനാൽ സഭാസ്ഥാപനം ഗൂഢാലോചന നടത്തി എന്ന മുൻധാരണയിലാണ് മാധ്യമങ്ങൾ കഥകൾ മെനയുന്നത്. ഈ കഥയ്ക്ക് അനുസൃതമായി അന്വേഷണ ഉദ്യോഗസ്ഥർ നീങ്ങുന്നത് നിയമവ്യവസ്ഥയോടുള്ള അവഹേളനമാണ്. നിരപരാധികൾ അന്യായമായി കേസിലേക്കു വലിച്ചിഴക്കപ്പെടരുത്.
നവജാതശിശുവിനെ ആശുപത്രിയിൽനിന്ന് ഉത്തരവാദപ്പെട്ടവർ മുൻകൂട്ടി കൊണ്ടുപോയി എന്നതാണ് മാധ്യമങ്ങൾ ഉന്നയിച്ച മറ്റൊരാരോപണം. അവിവാഹിതയായിരിക്കെ പ്രസവിച്ച സ്ത്രീയുടെയും കുഞ്ഞിന്റെയും അഭിമാനം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങൾ നടപടി സ്വീകരിക്കുന്നതിനെ ആശുപത്രി അധികൃതർക്ക് എങ്ങനെയാണ് എതിർക്കാൻ കഴിയുന്നത്? അപ്രകാരം എതിർക്കാതിരിക്കുന്നത് എങ്ങനെയാണ് ക്രിമിനൽ കുറ്റമാകുന്നത്.
ചത്തത് കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന സാമാന്യ ന്യായത്തിനപ്പുറത്ത് വ്യക്തമായ യാതൊരു തെളിവുകളുമില്ലാതെ നടത്തുന്ന കുപ്രചാരണങ്ങളുടെ നിജസ്ഥിതി നിഷ്പക്ഷരായ ജനങ്ങൾ മനസിലാക്കണം എന്ന് അതിരൂപത ആഗ്രഹിക്കുന്നു. രാഷ്ട്രീയവും വർഗീയവുമായ കാരണങ്ങളാലും ആശുപത്രികൾ തമ്മിലുള്ള കിടമത്സരങ്ങളുടെ പേരിലും നിക്ഷിപ്ത താത്പര്യമുള്ളവർ ഉന്നയിക്കുന്ന വാദഗതികൾ കുറ്റപത്രംപോലെ മാധ്യമങ്ങൾ ചർച്ചചെയ്യുന്നത് ഏറെ ദുഃഖകരമാണ്. തലശ്ശേരി അതിരൂപതാ വൃത്തങ്ങള് വ്യക്തമാക്കി.