India - 2025
മദ്യനയത്തിനെതിരെ ചങ്ങനാശ്ശേരിയില്‍ ലഹരി വിരുദ്ധ സ്നേഹ സംഗമം
സ്വന്തം ലേഖകന്‍ 31-03-2017 - Friday
ചങ്ങനാശേരി: സർക്കാരിന്റെ മദ്യനയത്തിനെതിരേ ചങ്ങനാശേരിയിൽ ലഹരി വിരുദ്ധ സ്നേഹസംഗമം നടന്നു. എസ്ബി ഹയർസെക്കൻഡറി സ്കൂളിനു മുന്പിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സ്നേഹസംഗമം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിനു മുന്പിൽ സജ്ജമാക്കിയ കാൻവാസിൽ സന്ദേശം രേഖപ്പെടുത്തിയാണ് ബിഷപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അതിരൂപതാ ആത്മതാ കേന്ദ്രവും കെസിബിസി മദ്യവിരുദ്ധ സമിതിയും സംയുക്തമായാണു ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചത്.
ജനപ്രതിനിധികളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് ജനക്ഷേമം ഉറപ്പാക്കാനാണെന്നും അതുകൊണ്ടുതന്നെ ജനവിരുദ്ധ മദ്യനയത്തെ പിന്തുണയ്ക്കുന്ന ജനപ്രതിനിധികൾ ഒറ്റപ്പെടുമെന്നും ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു. അതിരൂപതാ ആത്മതാ കേന്ദ്രം ഡയറക്ടർ ഫാ.ജോർജ് കപ്പാമൂട്ടിൽ അധ്യക്ഷതവഹിച്ചു.
സി.എഫ്.തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ, പുതൂർപ്പള്ളി ഇമാം ഷബിൻ അഹമ്മദ് കാസിമി, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ചന്ദ്രബാബു, മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളായ പ്രസാദ് കുരുവിള, തോമസുകുട്ടി മണക്കുന്നേൽ, ജസ്റ്റിൻ ബ്രൂസ്, കെ.പി.മാത്യു, ജെ.റ്റി.റാംസേ, എസ്ബി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.എ.കുര്യാച്ചൻ തുടങ്ങീ നിരവധി ആളുകള്‍ പ്രസംഗിച്ചു.