India - 2025
ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി ആസ്ഥാനമന്ദിര ഉദ്ഘാടനം നാളെ
സ്വന്തം ലേഖകന്‍ 19-07-2017 - Wednesday
ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റേയും ഗ്രന്ഥാലയത്തിന്റേയും ആശീര്‍വാദവും ഉദ്ഘാടനവും നാളെ നടക്കും. 10.30 ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിക്കും. ബൽത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ പ്രതിഷ്ഠാകര്മങ്ങളില് സഹകാര്‍മികരായിരിക്കും.
സീറോമലബാര്‍ സഭയുടെ മൂന്നാമത് വൈദിക പരിശീലന കേന്ദ്രമായി കുന്നോത്ത് ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി 2000 സെപ്റ്റംബര്‍ ഒന്നിനാണ് സ്ഥാപിതമായത്. കോട്ടയം പൗരസ്ത്യ വിദ്യാപീഠവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സെമിനാരിയില്‍ ദൈവശാസ്ത്രത്തില്‍ ബിടിഎച്ച് ബിരുദമാണ് നൽകുന്നത്. ഇതുവരെ175 വൈദികാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി.
ഇപ്പോള്‍ 144 വൈദികവിദ്യാർഥികളുണ്ട്. 16 സ്ഥിരം അധ്യാപകരും 30 ഗസ്റ്റ് അധ്യാപകരുമാണ് ക്ലാസുകൾ നയിക്കുന്നത്. ചെയർമാൻ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ലോറന്‍സ് മുക്കുഴി എന്നിവരടങ്ങിയ കമ്മീഷനാണ് ഭരണനിർവഹണ ചുമതല.