India - 2025
മാര്‍ ഈവാനിയോസ് വിശുദ്ധി നിറഞ്ഞ കര്‍മ്മയോഗി: കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 16-07-2017 - Sunday
തിരുവനന്തപുരം: മലങ്കര പുനരൈക്യത്തിന്റെ ശിൽപ്പി ദൈവദാസൻ മാർ ഈവാനിയോസ് വിശുദ്ധി നിറഞ്ഞ കർമയോഗിയാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 64-ാമത് മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സമൂഹ ബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു കർദിനാൾ.
മലങ്കരയിലെ പ്രാദേശിക സഭ അതിൽ അന്തർലീനമായ സാർവത്രിക സ്വഭാവത്തിൽ വളരുന്നതിനുള്ള വഴിതെളിച്ച കർമയോഗി ആയിരുന്നു മാർ ഈവാനിയോസ്. സന്യാസത്തിൽ അഗതികളെ പരിരക്ഷിക്കുക എന്ന ചിന്താധാരയ്ക്കു പ്രാമുഖ്യം നൽകിയ ആചാര്യനായിരുന്നു മാർ ഈവാനിയോസ്. ബഥനിയുടെ സ്ഥാപനത്തിലൂടെ അദ്ദേഹം അതു സാധിച്ചു. കര്‍ദിനാള്‍ പറഞ്ഞു.
രാവിലെ എട്ടിനു കത്തീഡ്രൽ കവാടത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സ്വീകരിച്ചു. തുടർന്ന് കബർ ചാപ്പലിൽനിന്നു സമൂഹബലിക്കായി വൈദികരും ബിഷപ്പുമാരും പ്രദക്ഷിണമായി നീങ്ങി. സമൂഹബലിക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഏബ്രഹാം മാർ യൂലിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, ജേക്കബ് മാർ ബർണബാസ്, തോമസ് മാർ യൗസേബിയോസ്, തോമസ് മാർ അന്തോണിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ബഥനി ആശ്രമ സുപ്പീരിയർ ജനറൽ റവ.ഡോ.ജോസ് കുരുവിള ഒഎസി, റോമിലെ മാർ ഈവാനിയോസ് നാമകരണ പരിപാടികളുടെ പോസ്റ്റുലേറ്റർ റവ.ഡോ.ചെറിയാൻ തുണ്ടുപറന്പിൽ സിഎംഐ, വിവിധ ഭദ്രാസനങ്ങളിലെ വികാരി ജനറൽമാർ വൈദികർ എന്നിവർ സഹകാർമികരായിരുന്നു. ഇന്നലെ നടന്ന വിവിധ ശുശ്രൂഷകളോടെ 15 ദിവസം നീണ്ടുനിന്ന ഓര്‍മ്മ സമാപനമായി.