India - 2025
സഭയുടെ പ്രേഷിതദൗത്യമെന്നത് വൈദികരുടെയും സന്യസ്ഥരുടെയും മാത്രം ചുമതലയല്ല: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 15-07-2017 - Saturday
കൊച്ചി: കത്തോലിക്ക സഭയുടെ പ്രേഷിതദൗത്യമെന്നതു മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും മാത്രം ചുമതലയല്ലായെന്ന് കേരള റീജണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിലിൽ (കെആർഎൽസിസി) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച കെആർഎൽസിസിയുടെ മുപ്പതാമത് ജനറൽ അസംബ്ലിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അല്മായരുടേയും ദൗത്യമായി സുവിശേഷ വേല മാറുമ്പോഴാണു സഭയുടെ പ്രേഷിതമുഖം കൂടുതൽ തെളിമയുള്ളതാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക സഭയുടെ പ്രേഷിതദൗത്യമെന്നതു മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും മാത്രം ചുമതലയല്ല. ബുദ്ധിമാന്മാരും വിവേകികളും പലപ്പോഴും സമൂഹത്തെ വളച്ചൊടിച്ച് സങ്കീർണമാക്കാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. യേശു തന്റെ ശിഷ്യരെ പരിശീലിപ്പിച്ചതു പോലെ പ്രേഷിതപരിശീലനം ലളിതവും സുന്ദരവുമായിരിക്കണം. ബിഷപ്പ് പറഞ്ഞു.
സഭയുടെ പ്രേഷിതമുഖമെന്നു പറയുന്നത് ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കലാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എം.ജി. സർവകലാശാലാ പൗലോസ് മാർ ഗ്രിഗോറിയോസ് ചെയർ അധ്യക്ഷൻ റവ. ഡോ. കെ.എം. ജോർജ് പറഞ്ഞു. ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നത് കത്തോലിക്കർക്കു വേണ്ടിയോ, ക്രൈസ്തവർക്കു വേണ്ടിയോ മാത്രമല്ല, ലോകത്തിനു മുഴുവനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ കെആർഎൽസിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ അംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കർമലീത്ത സഭ മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു.
മിഷൻ കോണ്‍ഗ്രസ്’ ബിസിസി കണ്വൻഷൻ 2017’ മുന്നൊരുക്കങ്ങളുടെ അവലോകനം കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ നടത്തി. സംസ്ഥാനത്തെ 12 ലത്തീൻ രൂപതകളിലെയും ബിഷപ്പുമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം നാളെ ഉച്ചയ്ക്കു സമാപിക്കും.