India - 2025
ഫാ. ജോസഫ് വിതയത്തില്‍ അനുസ്മരണദിനം ആചരിച്ചു
സ്വന്തം ലേഖകന്‍ 23-07-2017 - Sunday
കുഴിക്കാട്ടുശേരി: കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർഥകേന്ദ്രത്തിൽ ധന്യൻ ഫാ. ജോസഫ് വിതയത്തിലിന്റെ 152-ാം ജന്മദിനവും 53-ാം ചരമവാർഷികവും ആചരിച്ചു. സമൂഹ ബലിയര്‍പ്പണത്തിന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
70 വർഷത്തെ വൈദികശുശ്രൂഷയിൽ 62 വർഷവും കുഴിക്കാട്ടുശേരി - പുത്തൻചിറ പ്രദേശത്തെ ജനങ്ങളുടെ സുസ്ഥിതിക്കുവേണ്ടി അധ്വാനിച്ചു മുഴുവൻ സമയവും ജനങ്ങൾക്കു സംലഭ്യനായ വൈദിക ശ്രേഷ്ഠനായിരുന്നു ഫാ. വിതയത്തിലെന്ന് ബിഷപ്പ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. പ്രൊമോട്ടർ ഫാ. ജോസ് കാവുങ്കൽ, ഫാ. ഫ്രാൻസിസ് ചിറയത്ത്, ഫാ. ഡേവിസ് മാളിയേക്കൽ, ഫാ. തോമസ് കണ്ണന്പിള്ളി, ഫാ. വർഗീസ് ഒ. വാഴപ്പിള്ളി, ഫാ. ക്രിസ് എന്നിവർ സഹകാർമ്മികരായി.
ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉദയ സ്വാഗതവും ജനറൽ കൗണ്‍സിലർ സിസ്റ്റർ ഭവ്യ നന്ദിയും പറഞ്ഞു. ഫാ. ജോസ് കാവുങ്കൽ, മദർ ഉദയ, തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോറ ക്രിസ്റ്റി, വിതയത്തിൽ കുടുംബാംഗമായ ജോണ്സണ് വർഗീസ്, വിതയത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ജോസ് വിതയത്തിൽ, ഫാ. വിതയത്തിലിനെ നേരിട്ടു കണ്ടിട്ടുള്ള മറിയം ചാക്കോ പയ്യപ്പിള്ളി, എഫ്ആർസി ധ്യാനത്തിലെ ദമ്പതികളുടെ പ്രതിനിധികളായ അജോ അമ്പൂക്കൻ, ദീപ, ഹോളി ഫാമിലി അൽമായ സംഘടനയുടെ സെക്രട്ടറി സി.കെ. ഡൊമിനിക് എന്നിവർ ഭദ്രദീപം തെളിച്ചു.